സിമന്റ് കട്ട വിരിക്കലില്‍ ഒതുക്കി വട്ടംകുളം ടൗണ്‍ വികസനം
എടപ്പാള്‍ : കൊട്ടിയാഘോഷിച്ച വട്ടംകുളം ടൗണ്‍ വികസനം ഇപ്പോഴും പാതിവഴിയില്‍ തന്നെ.ടൗണ്‍ വികസനത്തില്‍ പേരില്‍ ആകെ നടന്നത് സിമന്റ് കട്ട വിരിക്കലും കാന നിര്‍മ്മാണവും മാത്രം.ബസ് വെയ്റ്റിംഗ് ഷെഡ്,ഓട്ടോ,ടാക്സി സ്റ്റാന്റ് ,ശൗചാലയം, ഇരിപ്പിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം പേരിനു പോലും നടന്നിട്ടില്ല. വികസനത്തിന്റെ പേരില്‍ ടൗണിലെ മരങ്ങളെല്ലാം മുറിച്ചു മാറ്റി.റോഡിന്റെ ഇരുവശവും സിമന്റ് കട്ട വിരിച്ചു.തണല്‍ മരങ്ങള്‍ നഷ്ടമായതിനൊപ്പം സിമന്റ് കട്ടകള്‍ വിരിക്കുക കൂടി ചെയ്തതോടെ ടൗണില്‍ ചൂട് ക്രമാതീതമായി വര്‍ധിച്ചു.ടൗണിലെ അസഹ്യമായ ചൂട് കച്ചവടക്കാര്‍ക്കും ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ക്കും വല്ലാത്ത ശാരീരിക ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത് .ബസ് വെയ്റ്റിംഗ് ഷെഡ് ഇല്ലാത്തതു മൂലം ബസ് യാത്രികര്‍ മഴയും വെയിലുമേറ്റ് വേണം ബസ് കാത്തു നില്‍ക്കാന്‍ .ടാക്സി ,ഓട്ടോറിക്ഷകള്‍ എന്നിവക്ക് മേല്‍ക്കൂരയോടെ സ്റ്റാന്റ് നിര്‍മ്മിക്കുമെന്ന വാഗ്ദാനം വെറും വാക്കായി മാറി.ടൗണില്‍ പൊതുശൗചാലയം വേണമെന്ന ആവശ്യത്തിന് കാലപ്പഴക്കം ഏറേയുണ്ട് .പൊതുശൗചാലയം സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലവും ടൗണിലുണ്ട്.എന്നാല്‍ ആവശ്യം നടപ്പിലാക്കാന്‍ ആരുമില്ല.ടൗണിന്റെ ഒരു ഭാഗത്ത് ഇരിപ്പിടങ്ങളുള്ള വിശ്രമ കേന്ദ്രം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി.