EDAPPALLocal news

സാത്വികനായ കലാകാരൻ എന്ന വിശേഷണത്തിന് നൂറുശതമാനം അർഹനായ വ്യക്തി; തന്റെ അനുഭവങ്ങൾ പങ്കുവെച്ച് എംഎൽഎ കെ ടി ജലീൽ

സാത്വികനായ കലാകാരൻ എന്ന വിശേഷണത്തിന് നൂറുശതമാനം അർഹനായ വ്യക്തിയാണ് നമ്മോട് വിട പറഞ്ഞ ആർട്ടിസ്റ്റ് നമ്പൂതിരി കേരളത്തിലെ പ്രശസ്തനായ ചിത്രകാരനും ശില്പിയുമാണ് കെ.എം വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരി. 1925-ലാണ് അദ്ദേഹം ജനിച്ചത്. 2003-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിക്കാണ്. മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. മലയാളം ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ സാഹിത്യ സൃഷ്ടികൾ നമ്പൂതിരിയുടെ ചിത്രങ്ങളാൽ സമൃദ്ധമായി. വളരെ ജനപ്രിയമാണ് നമ്പൂതിരിയുടെ വരകൾ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉറപ്പുള്ള വരകളുള്ളവയും കഥാപാത്രത്തിന്റെ രൂപസവിശേഷതകൾ അറിഞ്ഞ ഭാവങ്ങൾ നിറഞ്ഞവയുമാണ്. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രകലാ രീതി ധാരാളം പേർ അനുകരിക്കുന്നത് അതിൻ്റെ മഹിമ കൊണ്ടാണ്.

ഇന്ത്യയിലെ മികച്ച രേഖാചിത്രകാരൻ കൂടിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. മാതൃഭൂമിയിൽ പ്രസിദ്ധീകൃതമായ ‘നാണിയമ്മയും ലോകവും’ എന്ന പേരിലുള്ള പോക്കറ്റ് കാർട്ടൂൺ പരമ്പരയുടെ സൗന്ദര്യം ആസ്വദിക്കാത്തവർ വിരളമാകും. എം.ടിയുടെ ”രണ്ടാമൂഴം” തകഴിയുടെ “ഏണിപ്പടികൾ”, തിക്കോടിയന്റെ “ചുവന്ന കടൽ”, വി.കെ.എന്നിന്റെ “പിതാമഹൻ”, പുനത്തിൽ കുഞ്ഞബ്‌ദുല്ലയുടെ “സ്മാരകശിലകൾ” എന്നീ നോവലുകൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധേയമാണ്. ലോഹത്തകിടിൽ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്ന ഒരു ശില്പി കുടിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി.

കഥകളി നർത്തകരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരം ഈ അടുത്ത കാലത്ത് പ്രദർശിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നമ്പൂതിരിയുടെ ജീവചരിത്രം ഡി.സി. ബുക്സാണ് പുറത്തിറക്കിയത്. ആത്മകഥാംശമുള്ള “രേഖകൾ‌” വരയുടെ തമ്പുരാനെ ശരിക്കും മാലോകർക്ക് പരിചയപ്പെടുത്തുന്നു. നമ്പൂതിരിയുടെ തെരെഞ്ഞെടുത്ത 101 സ്ത്രീ ചിത്രങ്ങൾ ഉൾകൊള്ളിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “നമ്പൂതിരിയുടെ സ്ത്രീകൾ” വേറിട്ടൊരു ചിത്രകലാ വിരുന്നാണ്.

എടപ്പാൾ സ്വദേശിയായ ആർട്ടിസ്റ്റ് നമ്പൂതിരിയോട് വ്യക്തിപരമായ അടുത്ത ബന്ധമാണ് ഞാൻ കാത്തു സൂക്ഷിച്ചത്. “മലബാർകലാപം ഒരു പുനർവായന” എന്ന എൻ്റെ പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ ആദ്യകോപ്പി പത്മശ്രീ മമ്മൂട്ടിയിൽ നിന്ന് ഏറ്റുവാങ്ങിയത് ആർട്ടിസ്റ്റ് നമ്പൂതിരിയാണ്. അവാർഡുദാന ചടങ്ങുകൾ ഉൾപ്പടെ സ്ഥലം എം.എൽ.എ എന്ന നിലയിൽ ഞാൻ മുൻകയ്യെടുത്ത് സംഘടിപ്പിച്ച പല ചടങ്ങുകളെയും തൻ്റെ നിറസാന്നിദ്ധ്യം കൊണ്ട് അദ്ദേഹം അനുഗ്രഹിച്ചു.

ജൻമത്തിലല്ല കർമ്മത്തിലാണ് കുലീനതയെന്ന് നിസ്വമായ തൻ്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി യാത്രയാകുന്നത്. യതിവര്യനായ കലാസാമ്രാട്ടേ അങ്ങേക്ക് വിട.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button