പ്രസിദ്ധമായ പട്ടാമ്പി നേർച്ച ഇന്ന്
പട്ടാമ്പി നൂറ്റിയൊൻപതാമത് പട്ടാമ്പി നേർച്ച പട്ടാമ്പി ദേശീയോത്സവമായി ഞായറാഴ്ച ആഘോഷിക്കും. രാവിലെ കൊടിയേറ്റത്തോടെ ആരംഭിക്കും. തിങ്കളാഴ്ച രാവിലെവരെ നീളുന്നതാണ് ആഘോഷപരിപാടികൾ. കൊടിയേറ്റം ഞായറാഴ്ച രാവിലെ 11-ന് നടക്കും. കൊടിയേറ്റത്തിന് മുന്നോടിയായി മുഴുവൻ ഉപകമ്മിറ്റികളും 10 മണിക്ക് പുതിയ ബസ് സ്റ്റാൻഡിൽ സംഗമിക്കും. തുടർന്ന് കേന്ദ്ര ആഘോഷക്കമ്മിറ്റി ഭാരവാഹികൾ കൊടികയറ്റത്തിനുള്ള പാരമ്പര്യാവകാശികളെ സ്വീകരിച്ച് മേലേ പട്ടാമ്പി ജാറത്തിനരികിലെത്തി കൊടികയറ്റും.
വൈകീട്ട് അഞ്ചിന് മുഴുവൻ ഉപകമ്മിറ്റികളും അവരുടെ ആഘോഷവരവുകളുമായി മേലേ പട്ടാമ്പിയിൽ സംഗമിക്കും. തുടർന്ന് കേന്ദ്ര നേർച്ചാഘോഷക്കമ്മിറ്റിയുടെയും രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പൗരപ്രമുഖരുടെയും നേതൃത്വത്തിൽ ആനകളുടെ അകമ്പടിയോടെ നഗരത്തിൽ സാംസ്കാരികഘോഷയാത്ര നടക്കും.
പട്ടാമ്പിയിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നുമായി 56 ഉപാഘോഷക്കമ്മിറ്റികൾ പങ്കെടുക്കും. ബാൻഡ് വാദ്യം, ചെണ്ടമേളം, ദഫ്മുട്ട്, ഒപ്പന തുടങ്ങിയവയുണ്ടാകും. രാത്രി കേന്ദ്ര ആഘോഷക്കമ്മിറ്റി ഓഫീസ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നൃത്തം, ബാൻഡ് വാദ്യ മത്സരം എന്നിവയുമുണ്ടാകും. പുലർച്ചെ നാലിന് അപ്പപ്പെട്ടി വരവോടെ നേർച്ചയ്ക്ക് സമാപനമാവും.