മേയർ ആര്യയും സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന്; വേദി എകെജി സെന്റർ
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന്. രാവിലെ 11ന് എകെജി സെന്ററിലാണ് ചടങ്ങ്. ഇരുവരുടെയും അടുത്തബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. വിവാഹം പിന്നീട് നടക്കും. എസ്എഫ്‌ഐ സംസ്ഥാനസെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിൻ. എസ്.എഫ്.ഐ സംസ്ഥാനസമിതി അംഗവും പാർട്ടി ചാല ഏരിയാ കമ്മിറ്റി അംഗവുമാണ് ആര്യ. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയും ഇന്നത്തെ ചടങ്ങിനുണ്ട്.
ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. ഇരുപത്തിയേഴാം വയസിലാണ് നിയമസഭയിലെത്തിയത്. ബാലുശ്ശേരിയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമാ താരവുമായി ധർമ്മജൻ ബോൾഗാട്ടിയെയാണ് സച്ചിന്‍ പരാജയപ്പെടുത്തിയത്. 2020ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുടവൻമുകൾ വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറായത്. 21-ാം വയസിലാണ് മേയറായി ആര്യ അധികാരമേറ്റത്. തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളേജിൽ വിദ്യാർഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പിൽ പങ്കെടുത്തതും വിജയിച്ചതും. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽഐസി ഏജൻറായ ശ്രീലതയുടേയും മകളാണ് ആര്യ