മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; പോലീസ് പിടിച്ചെടുത്തത് 311 ഗ്രാം എം ഡി എം എ.
മലപ്പുറം: അന്താരാഷ്ട്രമാര്‍ക്കറ്റില്‍ മൂന്ന് കോടി വരെ വില ലഭിക്കുന്ന 311 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി മൊറയൂര്‍ സ്വദേശിയെ മലപ്പുറം പോലീസ് പിടികൂടി.
മേല്‍മുറി ടൗണിനടുത്ത് ഹൈവേയില്‍ വച്ച് കാറില്‍ ഒളിപ്പിച്ച് കടത്തിയ 311 ഗ്രാം എംഡിഎംഎ യുമായി മൊറയൂര്‍ സ്വദേശി കക്കാട്ടുചാലില്‍ മുഹമ്മദ് ഹാരിസ് (29) നെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂര്‍ ,ഗോവ എന്നിവിടങ്ങളില്‍ നിന്നും എംഡിഎംഎ (മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍) പോലുള്ള മാരക മയക്കുമരുന്നുകള്‍ യുവാക്കളേയും കോളേജ് വിദ്യാര്‍ത്ഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തി വില്‍പ്പന നടത്തുന്ന മയക്കുമരുന്ന് സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ നിന്ന് 12 പേരെ എംഡിഎംഎ യുമായി പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണവും പരിശോധനയും ആണ് ഇത്രയും വലിയ അളവില്‍ ഉള്ള മയക്കു മരുന്ന് വേട്ടയില്‍ എത്തിച്ചത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്‍്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി പി.എം പ്രദീപ്, സി.ഐ. ജോബിതോമസ് എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം എസ്.ഐ. അമീറലിയും സംഘവും ആണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഒരാഴ്ചയോളം ജില്ലയിലെ ചെറുകിട മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലുള്ളവരെ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരിക ആയിരുന്നു. മൊറയൂര്‍ ഭാഗത്ത് നിന്ന് മലപ്പുറം ഭാഗത്തേക്ക് മയക്കുമരുന്നുമായി കാറില്‍ വരുന്നു എന്ന വിവരത്തിന്‍്റെയടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയില്‍ ആയത്.
വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് മയക്കുമരുന്ന് കച്ചവടത്തിലേക്കിറങ്ങിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ബാംഗ്ലൂരില്‍ നിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് ഏറ്റവും കുറഞ്ഞത് അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ വിലയിട്ടാണ് യുവാക്കള്‍ക്ക് വില്‍പ്പന നടത്തുന്നത് എന്ന് വ്യക്തമായി. ആവശ്യക്കാര്‍ മോഹവിലകൊടുത്ത് വാങ്ങുമെന്നതും ഈ കച്ചവടത്തിന്‍്റെ പ്രത്യേകതയാണ്. അക്കാരണം കൊണ്ട് തന്നെ 300 ഗ്രാം എം ഡി എം എക്ക് മൂന്ന് കോടി വരെ വില കണക്കാക്കാം.
ജില്ലയില്‍ മൊറയൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് ഹാരിസ് . പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ജില്ലയിലെ മറ്റു വില്‍പ്പനക്കാരെകുറിച്ചും സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെകുറിച്ചുമുള്ള വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ചുവരികയാണെന്നും ഡിവൈഎസ്പി പി.എം.പ്രദീപ് അറിയിച്ചു .
മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്‍്റെ നേതൃത്വത്തില്‍ മലപ്പുറം ഡിവൈഎസ്പി പി.എം.പ്രദീപ് , സിഐ ജോബിതോമസ്, എസ്.ഐ.അമീറലി, ജില്ലാ ആന്‍്റിനര്‍ക്കോട്ടിക് സ്ക്വാഡിലെ സി.പി.മുരളീധരന്‍ ,പ്രശാന്ത് പയ്യനാട് , എന്‍.ടി.കൃഷ്ണകുമാര്‍ ,ദിനേഷ് .കെ, പ്രഭുല്‍.കെ., സഹേഷ്, എ.എസ്.ഐ.സിയാദ് കോട്ട, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സതീഷ് കുമാര്‍ ,രജീഷ്, ഹമീദലി,ജസീര്‍, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.