ഓപ്പറേഷൻ തൂഫാനിൽ വൻ ലഹരിവേട്ട:വളാഞ്ചേരിയിൽ കോടികൾ വിലമതിക്കുന്ന ആംബർഗ്രിസും, എം.ഡി.എം.എയും പിടികൂടി;യുവതീയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
മലപ്പുറം: വളാഞ്ചേരി കാവുംപുറത്ത് വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരവും കോടികൾ വിലമതിക്കുന്ന തിമിംഗലച്ചർദ്ദിയും (ആംബർഗ്രിസ്) വളാഞ്ചേരി പോലീസ് പിടികൂടി. 43 ഗ്രാം എം.ഡി.എം.എ, നാല് കിലോഗ്രാമിലധികം കഞ്ചാവ്, മൂന്ന് കിലോഗ്രാം ആംബർഗ്രിസ് എന്നിവയാണ് സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടത്താണി സ്വദേശി കല്ലൻ നാസർ, ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ്, ഹുസ്നി മുബാറക്ക് എന്നിവരാണ് പിടിയിലായത്.ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകളുടെ തുടർച്ചയായാണ് ഈ വൻ വേട്ട. കാവുംപുറത്തെ വീട് വാടകയ്ക്കെടുത്ത് വൻതോതിൽ ലഹരി വിൽപ്പനയും നിയമവിരുദ്ധ ഇടപാടുകളും നടത്തിവരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.തുടർന്ന് നടത്തിയ വിശദമായ റെയ്ഡിലാണ് വൻ ശേഖരവും പ്രതികളും വലയിലായത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്