കോടതിവളപ്പിൽ കൊട്ടിക്കയറി മജിസ്ട്രേറ്റ്; പഞ്ചാരിമേളത്തിനൊപ്പം ആർപ്പുവിളിച്ച് അഭിഭാഷകരും ഗുമസ്തരും
തിരൂർ: കോടതി വളപ്പിൽ ഓണാഘോഷത്തിന്പഞ്ചാരിമേളത്തിൽ കൊട്ടിക്കയറി തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കെ.യു. പ്രദീപ്. ആനന്ദത്താൽ മതിമറന്ന് ആർപ്പ് വിളിച്ച് അഭിഭാഷകരും ഗുമസ്തരും. തിരൂർ ബാർ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് കൗതുകമുണർത്തുന്ന കാഴ്ചയ്ക്ക് കോടതി പരിസരം സാക്ഷ്യംവഹിച്ചത്.കുറ്റിപ്പുറം പേരശ്ശന്നൂരിലെ വള്ളുവനാടൻ കണ്ണൻ കലാക്ഷേത്രയിലെ 15 വാദ്യക്കാരാണ് കോടതി വളപ്പിൽ പഞ്ചാരിമേളമവതരിപ്പിച്ചത്.
ഇതിനിടയിലാണ് മജിസ്ട്രേറ്റ് മേളത്തിലുള്ള തൻ്റെ കഴിവു പ്രകടിപ്പിക്കാൻ മുന്നിട്ടിറങ്ങിയത്.അനിൽ പേരശന്നൂരിന്റെ നേതൃത്വത്തിലുള്ള വാദ്യകലാകാരന്മാർക്ക് മുമ്പിൽ ചെണ്ടയും കോലുമെടുത്ത് മുന്നിൽനിന്ന് മജിസ്ട്രേറ്റ് കൊട്ടി കയറുകയായിരുന്നു. 15 മിനിറ്റ് അദ്ദേഹം കൊട്ടി. മാവേലി, പുലി, കഥകളി, വേടൻ തുടങ്ങിയ കലാരൂപങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടാനുണ്ടായിരുന്നു.വടംവലി, സുന്ദരിക്ക് പൊട്ടുതൊടൽ, തീറ്റമത്സരം എന്നിവയുമുണ്ടായിരുന്നു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. അബ്ദുൾ ജബ്ബാർ, സെക്രട്ടറി അഡ്വ. ഷിയാസ് എന്നിവർ ഓണാഘോഷത്തിന് നേതൃത്വംനൽകി.