ഡിവൈഎഫ്ഐ; ചിന്താ ജെറോം പ്രസിഡന്റ്, എം വിജിന് സെക്രട്ടറി
തൃശൂര്‍: ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം. കല്യാശ്ശേരി എംഎല്‍എ എം വിജിനെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ഡിവൈഎഫ്ഐയുടെ വനിത അധ്യക്ഷയായി ചിന്താ ജെറോം എത്തും. ആലപ്പുഴയില്‍ നിന്നുള്ള ആര് രാഹുലാണ് ട്രഷറര്‍. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ എ എ റഹീം ആണ് പ്രഖ്യാപനം നടത്തിയത്.
25 അംഗ സെക്രട്ടറിയേറ്റിനെയും പ്രഖ്യാപിച്ചു.വി അനൂപ്, ആര് ശ്യാമ, മുഹമ്മദ് അഫ്സല്, ഷബീര്‍ പി, നിഖില്‍ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഗ്രീഷ്മ അജയ്ഘോഷ്, രജീഷ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിന് ദേവ്, അനുശ്രീ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.കൊല്ലം സ്വദേശിയാണ് ചിന്താ ജെറോം. എസ്എഫ്ഐയിലൂടെയാണ് സംഘടനാ പ്രവർത്തനത്തിൽ എത്തിയത്. എസ്എഫ്ഐ കൊല്ലം ഏരിയ പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2007-2008 കാലവർഷം കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സണായിരുന്നു. കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
2021ലും ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിലും കല്യാശ്ശേരിയിൽ നിന്ന് വിജയിച്ച യുവനേതാവാണ് എം വിജിൻ. എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി, കണ്ണൂർ ജില്ലാ പ്രസിഡന്റ് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ്, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, കണ്ണൂർ ജില്ലാ ട്രഷറർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. നാല് ദിവസമായി തുടരുന്ന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് നേതാജി ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.