MALAPPURAM

മരണത്തിലും പിരിയാത്ത സ്നേഹം :ആമിനുമ്മയുടെ ഖബറിന് കാവലായി ആ തെരുവ് നായ

മലപ്പുറം : മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പരസ്പര സ്‌നേഹത്തിന്റെ അനിര്‍വചനീയവും കണ്ണ് നനയിപ്പിക്കുന്നതുമായ കഥകള്‍ നാം ഏറെ കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് മലപ്പുറം എടവണ്ണയില്‍ ഉണ്ടായിരിക്കുന്നത്. തനിക്ക് പതിവായി ഭക്ഷണം തന്ന ഉമ്മയെ മരണ ശേഷവും സ്‌നേഹത്തോടെ പിന്തുടരുന്ന നായയാണ് നാട്ടുകാരുടെ കരളലിയിക്കുന്നത്.

പത്തപിരിയം അനകീര്‍ത്തിയിലെ പരേതനായ വലിയ പീടിയേക്കല്‍ അലവിയുടെ ഭാര്യ മണ്ണില്‍ കടവന്‍ ആമിന (65) കഴിഞ്ഞ ശനിയാഴ്ച്ചയാണ് മരണപ്പെട്ടത്. ആമിനുമ്മ സ്ഥിരമായി ഒരു തെരുവു നായക്ക് ആഹാരം നല്‍കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നു. അവര്‍ തമ്മില്‍ നല്ലൊരു സൗഹൃദം തന്നെ നിലനിര്‍ത്തിയിരുന്നു. ആമിനുമ്മ പോവുന്ന സ്ഥലങ്ങളിലെല്ലാം ഈ നായ പിന്തുടര്‍ന്ന് എത്തുകയും കാവലാവുകയും ചെയ്തിരുന്നു. മകളുടെ വീട്ടില്‍നിന്ന് തിരിച്ചു വന്ന ആമിനയെ വീടിന്റെ ഗേറ്റിനു മുന്നില്‍ വാഹനത്തില്‍ നിന്ന് ഇറക്കി മരുമകന്‍ തിരിച്ചുപോയ ഉടനെ വീടിന്റെ മുറ്റത്തു വീണ ഉമ്മയെ വീട്ടുകാര്‍ കണ്ടില്ല.

എന്നാല്‍, ആമിന സ്‌നേഹത്തോടെ ഭക്ഷണം നല്‍കിയിരുന്ന തെരുവുനായ ഇത് കാണുകയും ഉച്ചത്തില്‍ കുരച്ച് വീട്ടുകാരെ അറിയിക്കുകയും ആയിരുന്നു. ആശുപത്രിയില്‍ എത്തും മുമ്പ് ഹൃദയാഘാതത്താല്‍ ആമിന മരിച്ചു. ഖബറടക്കം കഴിഞ്ഞ് നാട്ടുകാരും ബന്ധുക്കളും മടങ്ങിയിട്ടും ആ തെരിവുനായ മാത്രം മടങ്ങിയില്ല ഖബറിനരികില്‍ തന്നെ കിടന്നു. ഉമ്മയുടെ പേരമക്കള്‍ പള്ളിയില്‍ പോകുമ്പോള്‍ നായ പിന്തുടരും, പള്ളിപ്പറമ്പി ല്‍ പ്രാര്‍ഥിക്കുമ്പോഴും അവിടെ ഉണ്ടാകും നായയുടെ പ്രവൃത്തികള്‍ അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും നൊമ്പരക്കാഴ്ചയായി മാറുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മരിച്ച ആമിനയുടെ ഖബറിനരികെ വെള്ളിയാഴ്ചയും നായയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പരസ്പര സ്‌നേഹത്തിന്റെ അനിര്‍വചനീയമായ ഒരു ഉദാഹരണമാണ് ഇവര്‍ തമ്മിലുള്ള ബന്ധമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button