Local newsMALAPPURAM

‘ഇഎംഎസിന്‍റെ ലോകം’ സാക്ഷി, ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി, ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

മുൻ മന്ത്രി കെ ടി ജലീലും ഭാര്യ ഫാത്തിമക്കുട്ടിയും സിപിഎമ്മിൽ അംഗത്വം സ്വീകരിച്ചു. ഇഎംഎസിന്‍റെ ലോകം ദേശീയ സെമിനാറിൽ വെച്ച് പിണറായി വിജയനാണ് ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്. 2006 മുതൽ പാർട്ടിയുടെ സഹയാത്രികനായിരുന്ന ജലീൽ, തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് അംഗത്വമെടുക്കാൻ താൽപര്യം അറിയിച്ചത്.

മലപ്പുറം: മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും പൊന്നാട അണിയിച്ച് സിപിഎമ്മിലേക്ക് സ്വീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അരീക്കോട് നടന്ന ഇഎംഎസിന്‍റെ ലോകം ദേശീയ സെമിനാറിനിടയിലായിരുന്നു സ്വീകരണം. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് സിപിഎമ്മില്‍ അംഗത്വമെടുക്കാനുള്ള താൽപര്യം ജലീല്‍ നേതൃത്വത്തെ അറിയിച്ചത്.

തവനൂർ മുൻ എംഎൽഎയും മുൻ മന്ത്രിയുമായ കെ ടി ജലീൽ സിപിഎം അംഗത്വം ലഭിച്ചതായി അറിയിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതുവരെ പാർട്ടിയുടെ സഹയാത്രികനായാണ് ജലീൽ പ്രവർത്തിച്ചിരുന്നത്. തന്‍റെ പൊതുജീവിതത്തിൽ വലിയ പിന്തുണയും കരുത്തും നൽകിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം എന്ന് ജലീൽ കുറിപ്പിൽ പറഞ്ഞു. 2006 മുതൽ പാർട്ടിയുമായി ആത്മബന്ധം നിലനിന്നിരുന്നുവെന്നും ആ ബന്ധം ഒരിക്കലും ദുർബലമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഹയാത്രികനായിരിക്കെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്ന പിണറായി വിജയനും എം വി ഗോവിന്ദനും നയിച്ച സംസ്ഥാന ജാഥകളിൽ അംഗമാക്കിയത് പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയിൽ നിന്ന് തുടർച്ചയായി നാല് തവണ എംഎൽഎയായും അഞ്ച് വർഷം മന്ത്രിയായും പ്രവർത്തിക്കാൻ അവസരം നൽകിയ പാർട്ടിയോട് എന്നും കടപ്പെട്ടിരിക്കുമെന്നും ജലീൽ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഎം കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, വർഗീയവും ഫാഷിസ്റ്റ് ശക്തികളും ശക്തിപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button