പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു
ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങിൽ നിർവ്വഹിച്ചു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ ട്രാക്ടറിന്റെ ഉദ്ഘാടനവും, ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഫാം മിഷിനറിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.
കൃഷിയിടം ഒരുക്കുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങൾക്കായി ട്രാക്ടർ, വരമ്പ് വെക്കുന്ന മെഷീൻ, റൊട്ടവേറ്റർ, ടില്ലർ മെഷീൻ, കേജ് വീൽ, കരി, പുല്ല് വെട്ടുന്ന യന്ത്രം തുടങ്ങിയ അത്യാധുനിക കാർഷിക ഉപകരണങ്ങളാണ് സംഘം സ്വന്തമായി വാങ്ങിയിട്ടുള്ളത്. ഈ യന്ത്രങ്ങൾ സംഘത്തിന്റെ സ്വന്തം ആവശ്യങ്ങൾക്ക് പുറമെ, പ്രദേശത്തെ മറ്റ് സാധാരണക്കാരായ കർഷകർക്കും മിതമായ നിരക്കിൽ വാടകയ്ക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇത് ചങ്ങരംകുളം മേഖലയിലെ കർഷകർക്ക് വലിയ ആശ്വാസമാകും.
ചടങ്ങിൽ ആലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ്, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസീബ് കോക്കൂർ, ബ്ലോക്ക് എ.ഡി.എ വിനയൻ, കൃഷി ഓഫീസർ അനീസ്, കൃഷി അസിസ്റ്റന്റ് മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിന് സംഘം പ്രസിഡന്റ് അബ്ബാസ് എൻ.എം, സെക്രട്ടറി സുഹൈർ എറവറാംകുന്ന്, ഭാരവാഹികളായ മൂസ ഇ.എം, സബാഹുസലാം ഇ.എം, ഉബൈദ് ഇ.എം, ഷാഹിർ ബിൻഹമീദ്, ഫഹദ് ഇ.എച്ച്, ആസിഫ് ഇ.എ, അഷ്‌റഫ് ബിൻ മുഹമ്മദ്, അമീറാ സബാഹു, ഷൗക്കത്ത് ഇ.എച്ച് എന്നിവർ നേതൃത്വം നൽകി.