മണ്ണെണ്ണ വിതരണത്തിന് 2 കേന്ദ്രങ്ങൾ മാത്രം; മത്സ്യത്തൊഴിലാളികൾക്ക് പെടാപ്പാട്
പൊന്നാനി : മത്സ്യത്തൊഴിലാളികൾക്ക് പെർമിറ്റ് പ്രകാരമുള്ള മണ്ണെണ്ണ
വിതരണത്തിന് തീരദേശത്ത് 2 കേന്ദ്രങ്ങൾ മാത്രം. ഉണ്യാൽ, പൊന്നാനി എന്നിവിടങ്ങളിലാണ് മണ്ണെണ്ണ ബങ്കുകൾ
പ്രവർത്തിക്കുന്നത്. കടലുണ്ടി മുതൽ പൊന്നാനി വരെയുള്ള തീരവാസികൾ ഒന്നടങ്കം ഇവിടെ എത്തിയാണ് ഇന്ധനം എടുക്കേണ്ടത്. ഈ മേഖലയിൽ മാത്രം ചെറുവള്ളങ്ങൾ 980 എണ്ണം ഉണ്ട്. വലിയ
വള്ളങ്ങളാകട്ടെ നൂറിനടുത്തുമാണ്. പരപ്പനങ്ങാടി, കടലുണ്ടി മേഖലകളും തൊട്ടടുത്താണ്. പുറത്തൂരിലും ഒട്ടേറെ തൊഴിലാളികളുണ്ട്.
ഈയിടെ വള്ളങ്ങളുടെ ഒന്നിച്ചുള്ള പരിശോധന നടത്തി തൊഴിലാളികൾക്ക് പെർമിറ്റ് നൽകിയിരുന്നു. അതേസമയം മണ്ണെണ്ണയുടെ പൊള്ളുന്ന വില വള്ളക്കാർക്ക് തിരിച്ചടിയാവുകയാണ്. സബ്സിഡി തുക ഏറെക്കാലമായി 25 രൂപയിൽ തുടരുകയുമാണ്. വള്ളക്കാർ കൂട്ടമായി കേന്ദ്രങ്ങളിൽ എത്തി വരിനിന്നാണ് നിലവിൽ വാങ്ങുന്നത്.
ഓരോ പ്രദേശത്തുള്ള കാർഡുകൾ ഒന്നിച്ച് ശേഖരിച്ച് മണ്ണെണ്ണ വാങ്ങി നൽകുന്ന ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇവർക്ക് നല്ലൊരു തുക കമ്മിഷൻ നൽകണം. 2 പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഒരു ബങ്ക് എന്ന നിലയിൽ വിതരണകേന്ദ്രങ്ങൾ ആരംഭിക്കണമെന്നാണ് തീരവാസികളുടെ ആവശ്യം.