ELECTION NEWS

കേരളത്തിന് ഇക്കുറി 11 വനിതാ എംഎല്‍എമാര്‍; യുഡിഎഫില്‍ നിന്ന് 9, എല്‍ഡിഎഫില്‍ നിന്ന് 2

തിരുവനന്തപുരം: യുഡിഎഫ് തരംഗം ആഞ്ഞടിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിയത് 11 വനിതാ എംഎല്‍എമാര്‍. യുഡിഎഫില്‍ നിന്ന് 11 പേരും എല്‍ഡിഎഫില്‍ നിന്ന് 2 പേരുമാണ് നിയമസഭയിലെത്തുന്നത്. ഉഷാ വിജയന്‍(മാനന്തവാടി), കെ കെ രമ(വടകര), ഫാത്തിമ തഹിലിയ(പേരാമ്പ്ര), വിദ്യ ബാലകൃഷ്ണന്‍(എലത്തൂര്‍), കെ എ തുളസി(കോങ്ങാട്), ഗീതാ ഗോപി(നാട്ടിക), ഉമാ തോമസ്(തൃക്കാക്കര), ഷാനിമോള്‍ ഉസ്മാന്‍(അരൂര്‍), രമ്യാ ഹരിദാസ്(ചിറയിന്‍കീഴ്), ബിന്ദു കൃഷ്ണ(കൊല്ലം), ഒ എസ് അംബിക(ആറ്റിങ്ങല്‍) എന്നിവരാണ് കേരളത്തിന്റെ 11 വനിതാ എംഎല്‍എമാര്‍. ഇവരില്‍ ആരൊക്കെ മന്ത്രിസഭയിലേക്ക് എത്തും എന്നത് സംബന്ധിച്ച ചർച്ചകളും ഇതിനോടകം സജീവമായി കഴിഞ്ഞു.48 വനിതകളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളില്‍ നിന്നുമായി മത്സരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് എന്‍ഡിഎയും എല്‍ഡിഎഫുമായിരുന്നു. 18 വനിതകളെ വീതമാണ് ഇരുകൂട്ടരും മത്സരിപ്പിച്ചത്. യുഡിഎഫ് 12 വനിതകളെയും നിര്‍ത്തി. ഇതില്‍ യുഡിഎഫ് മത്സരിപ്പിച്ച ഒന്‍പത് പേരും എല്‍ഡിഎഫിന്റെ രണ്ടുപേരും വിജയിച്ചു.മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലെ ആദ്യ വനിതാ എംഎല്‍എ എന്ന ചരിത്രനേട്ടവുമായാണ് അഡ്വ. ഫാത്തിമ തഹിലിയ പേരാമ്പ്ര മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് എത്തുന്നത്. എതിര്‍സ്ഥാനാര്‍ത്ഥി എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ടി പി രാമകൃഷ്ണനെ 5087 വോട്ടുകള്‍ക്കാണ് ഫാത്തിമ തഹിലിയ പരാജയപ്പെടുത്തിയത്.മാനന്തവാടിയില്‍ കോണ്‍ഗ്രസിന്റെ ഉഷാ വിജയന്‍ മന്ത്രിയും സിപിഐഎം സ്ഥാനാര്‍ത്ഥിയുമായ ഒ ആര്‍ കേളുവിനെ 10,543 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വടകരയില്‍ ആര്‍എംപി നേതാവ് കെ കെ രമ യുഡിഎഫ് പിന്തുണയോടെയാണ് മത്സരിച്ചത്. രാഷ്ട്രീയ ജനതാ ദളിന്റെ എം കെ ഭാസ്‌കരനെ രമ 14,862 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.എലത്തൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. വിദ്യ ബാലകൃഷ്ണന്‍ എ കെ ശശീന്ദ്രനില്‍ നിന്നും 12,162 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ എ തുളസി സിപിഐഎം സ്ഥാനാര്‍ത്ഥി അഡ്വ. കെ ശാന്തകുമാരിയെ 3706 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. നാട്ടികയില്‍ സിപിഐയുടെ ഗീതാ ഗോപിയാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ അഡ്വ. സുനില്‍ ലാലൂരിനെ 7093 വോട്ടുകള്‍ക്കാണ് ഗീതാ ഗോപി പരാജയപ്പെടുത്തിയത്. തൃക്കാക്കരയില്‍ ഉമാ തോമസാണ് വിജയിച്ചത്. സിപിഐഎമ്മിന്റെ അഡ്വ. പുഷ്പ ദാസിനെ 50,211 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് ഉമാ തോമസ് പരാജയപ്പെടുത്തിയത്.അരൂരില്‍ സിപിഐഎമ്മിന്റെ ദലീമാ ജോജോയെ 9324 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചു. ചിറയിന്‍കീഴ് സിപിഐയുടെ മനോജ് ഇടമനയെ 1422 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി രമ്യാ ഹരിദാസ് വിജയിച്ചു. കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. ബിന്ദു കൃഷ്ണയാണ് വിജയിച്ചത്. സിപിഐഎമ്മിന്റെ എസ് ജയമോഹനെ ബിന്ദു കൃഷ്ണ 16,830 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആറ്റിങ്ങല്‍ സിപിഐയുടെ ഒ എസ് അംബിക ബിജെപിയുടെ അഡ്വ. പി സുധീറിനെ 13,375 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മന്ത്രിമാരായിരുന്ന വീണാ ജോര്‍ജ്, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി എന്നിവര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button