PONNANI
സർക്കാർ സേവനങ്ങൾ ഔദാര്യമല്ല, അവകാശമാണ് -എം.ബി. രാജേഷ്
പൊന്നാനി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളിൽ വിട്ടുവീഴ്‌ച വരുത്തരുതെന്നും സർക്കാർ സേവനം ജനങ്ങളുടെ അവകാശമാണെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പൊന്നാനി നഗരസഭയുടെ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യത്തിൽനിന്നും പുറത്തേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളത്. രേഖകളില്ലാത്ത ആരും കേരളത്തിലില്ലെന്ന് ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു.
പൊന്നാനി നഗരസഭാപരിധിയിൽ കണ്ടെത്തിയ അതിദരിദ്രർക്കുള്ള രേഖകൾ ചടങ്ങിൽ മന്ത്രി വിതരണംചെയ്തു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷതവഹിച്ചു. ബിന്ദു സിദ്ധാർഥൻ, രജീഷ് ഊപ്പാല, എം. ആബിദ, ടി. മുഹമ്മദ് ബഷീർ, ഒ.ഒ. ഷംസു, ഷീന സുദേശൻ, സജിറൂൻ തുടങ്ങിയവർ പ്രസംഗിച്ചു.