ഇനിയില്ല ശുകപുരത്തിന് അപ്പുവിന്റെ കാവൽ
എടപ്പാൾ: മുത്തുവെന്നും അപ്പുവെന്നും കുട്ടനെന്നുമൊക്കെ ആളുകൾ ഹൃദയംകൊണ്ടുവിളിച്ചിരുന്ന ശുകപുരത്തിന്റെ സ്വന്തം നായ ഇനിയില്ല. മൂന്നു ദിവസമായി ഭക്ഷണമൊന്നും കഴിക്കാതെ അവശനിലയിൽ കഴിഞ്ഞ നായ വ്യാഴാഴ്ച 12 മണിയോടെ അരങ്ങൊഴിഞ്ഞു.
16 വർഷം മുൻപ് ഇവിടെയുള്ള കാടുപിടിച്ച പറമ്പിൽ പ്രസവിച്ച് കണ്ണുമിഴിയുംമുൻപ് റോഡിൽ ഒറ്റപ്പെട്ട നായക്കുട്ടിയാണ് പിന്നീട് കുട്ടനായത്. ഒരു കുളങ്കര പൂരം നാളിൽ തൊട്ടടുത്തുള്ള ഷോണ കൃഷ്ണൻ സ്വന്തം വീട്ടിലെടുത്തുവളർത്തി. നാട്ടിലെ എല്ലാ വീടുകളിലും നടുത്തൊടിയിൽ കോംപ്ലക്സിലെ കടകളിലുമെല്ലാം സ്ഥിരമായി എത്തി സൗഹൃദം സ്ഥാപിച്ച നായ നാടിന്റെ മൊത്തം അരുമയായി.
ഓരോ സമയത്തും ഓരോ സ്ഥലത്തെത്തുന്ന നായയെ അവരെല്ലാം ഭക്ഷണം കൊടുത്ത് ഓരോ പേരിൽ വിളിച്ചോമനിച്ചു. ഇവിടെയുള്ള സൗണ്ട് ട്രാക്ക് കലാസമിതിയിലെത്തുന്ന പലനാട്ടുകാരായ കലാകാരൻമാരുടെയും ചങ്ങാതിയായിരുന്നു കുട്ടൻ. ഇതിനിടയിൽ വന്ധ്യംകരണം നടത്തി വിട്ടു. തടി കൂടി ശരീരം കൊണ്ടു നടക്കാനാവാത്തവിധമായിട്ടും നായ തന്റെ പതിവുകൾ മുടക്കിയില്ല.
ഒരിക്കൽ പല്ലിനിടയിൽ പ്ലാസ്റ്റിക് വയർ കുടുങ്ങിയപ്പോൾ ശുകപുരത്തെ ടൈലറായിരുന്ന പരേതനായ ബാലകൃഷ്ണനാണ് അതെടുത്തുമാറ്റി നായയെ രക്ഷിച്ചത്. ഈ ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം പിന്നീട് വെള്ളം കുടിക്കാനാവാതെ കിടക്കുകയായിരുന്ന നായയെ മൃഗഡോക്ടറെത്തി പരിശോധിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച് ഡ്രിപ് നൽകണമെന്ന് നിർദേശിച്ചു. കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് യാത്രയായത്.
അരുമയ്ക്ക് നാടിന്റെ ആദരാഞ്ജലി
വിവരമറിഞ്ഞ് ഗ്രാമത്തിലെയും കടകളിലെയും നായയുടെ സൗഹൃദക്കൂട്ടായ്മ സ്ഥലത്തെത്തി. എടപ്പാളിൽ കിട്ടാത്തതിനാൽ കുന്നംകുളത്ത് പോയി റീത്ത് വാങ്ങി വെച്ച് ആദരാഞ്ജലി അർപ്പിച്ചു. പൊതുദർശനത്തിനുശേഷം ആചാരപ്രകാരം സംസ്കാരം നടത്തി. ആദരാഞ്ജലിയർപ്പിച്ച് ഫ്ളക്സ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ഷോണ കൃഷ്ണൻ, നാസർ എടപ്പാൾ, സതീശൻ പതഞ്ജലി, അജി പാലക്കൽ, എം. ശങ്കരനാരായണൻ, അസ്കർ, ഉണ്ണി ചേകന്നൂർ, മൊയ്തീൻ, നിസാർ വട്ടംകുളം തുടങ്ങിയവരാണ് അന്ത്യോപചാരങ്ങൾക്ക് നേതൃത്വം നൽകിയത്.
