അട്ടപ്പാടി ചുരത്തില്‍ ട്രെയിലര്‍ ലോറി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
അട്ടപ്പാടി ചുരത്തില്‍ ട്രെയിലര്‍ ലോറി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ട്രെയിലര്‍ ലോറികളിലൊന്ന് മറിഞ്ഞപ്പോള്‍ മറ്റൊന്ന് ചുരം വളവില്‍ മുന്നോട്ട് പോവാനാവാതെ കുടുങ്ങുകയായിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത വാഹനങ്ങളാണ് ചുരത്തില്‍ കുരുങ്ങിയത്. ക്രെയിന്‍ ഉപയോഗിച്ച് ട്രെയിലര്‍ ലോറികള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് ചുരത്തില്‍ ഏഴാം വളവില്‍ ട്രെയിലര്‍ ലോറി അപകടത്തില്‍പ്പെട്ടത്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് ടെലഫോണ്‍ കോയിലുമായി പോകുന്ന ലോറി മറിയുകയായിരുന്നു. മറ്റൊരു ട്രെയിലര്‍ ലോറി എട്ടാം വളവില്‍ മുന്നോട്ട് പോവാനാവാതെ കുടുങ്ങി. ഇതോടെ മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരം റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
ഇന്ന് 11 മണിയോടെ രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് ലോറികള്‍ റോഡില്‍ നിന്നും മാറ്റിയതോടെയാണ് വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങിയത്. വലിയ വാഹനങ്ങള്‍ ചുരം റോഡ് വഴി പോകില്ലെന്ന മുന്നറിയിപ്പ് വനം വകുപ്പ് ചെക്‌പോസ്റ്റില്‍ നല്‍കാതിരുന്നതാണ് അപകടകാരണമായതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അപകടം ഉണ്ടാവില്ലായിരുന്നെന്നും നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പറയുന്നത്. എന്നാല്‍ ചരക്ക് വാഹനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് അവഗണിച്ചതാണെന്നും പൊതുഗതാഗതം തടയാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നത്.