വ്യാജ ചെക്ക് തട്ടിപ്പ്: പ്രതി അറസ്റ്റിൽ
വ്യാജ ചെക്ക് നൽകി വാങ്ങിയ സാധനങ്ങൾ മറ്റൊരു കടയിൽ വിൽക്കാൻ എത്തിയപ്പോഴാണ് പിടിയിലായത്
പൊന്നാനി: ഹാർഡ് വെയർ സ്ഥാപനങ്ങളിലും ഒ.എൽ.എക്സ് വഴിയും വ്യാജ ചെക്ക് നൽകി തട്ടിപ്പ് നടത്തിയ നിരവധി കേസുകളിലെ പ്രതി പിടിയിൽ. കൊല്ലം കാരറ മടത്തറ സ്വദേശി പറയാട്ട് ഹൗസിൽ അഖിലിനെയാണ് (38) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ സിൽസില ഹാർഡ് വെയർ ഷോപ്പിലെത്തി സൈറ്റ് എൻജിനീയറാണെന്ന് പരിചയപ്പെടുത്തി വാട്ടർ പ്രൂഫ് പെയിന്റ് വാങ്ങിയ ശേഷം പണത്തിനുപകരം വ്യാജ ചെക്ക് നൽകി സ്ഥലം വിട്ടിരുന്നു. വ്യാജ ചെക്ക് നൽകി വാങ്ങിയ സാധനങ്ങൾ വെളിയങ്കോട്ടെ മറ്റൊരു പെയിന്റ് കടയിൽ വിൽക്കാൻ എത്തിയപ്പോൾ കടയുടമ പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്നാണ് പൊന്നാനി പൊലീസ് എത്തി പിടികൂടിയത്. ഒ.എൽ.എക്സ് വഴി ഇടപാടുകാരിൽ നിന്ന് മൊബൈൽ ഫോണും വാഹനങ്ങളും വാങ്ങി പണമില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നൽകി വഞ്ചന നടത്തിയ കേസും പ്രതിക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പുവഴി കൈകലാക്കുന്ന വാഹനങ്ങളിൽ ഹാർഡ്വെയർ, ഫർണിച്ചർ ഷോപ്പുകളിൽ എത്തി വിസ്താരാ കമ്പനി മാനേജർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സാധനങ്ങൾ വാങ്ങിയശേഷം കർണാടക ബാങ്കിന്റെ വിസ്താര കമ്പനിയുടെ പേരിലുള്ള ചെക്ക് നൽകി ഉടമകളെ കബളിപ്പിച്ച് ശേഷം കടന്നുകളയുന്നതാണ് ഇയാളുടെ രീതി.
കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി ഷോപ്പുകളിൽ ഇയാൾ സമാനമായ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുരുവായൂരിൽ പ്രവർത്തിക്കാത്ത വിസ്താര എന്ന സ്ഥാപനത്തിന്റെ പേരിൽ കാർഡുകൾ അടിച്ച് നൽകി തട്ടിപ്പ് നടത്തി. തൃശൂർ സിറ്റി സെന്ററിൽ ഇയാൾ റൂം എടുത്ത് ഇയാൾ വിസ്താര കമ്പനി എം.ഡി ആണെന്നു പറഞ്ഞ് പ്രവർത്തിക്കുന്നുണ്ടെന്ന വിവരം പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഗുരുവായൂരിൽ ഫ്ലാറ്റ് വാടകക്ക് എടുത്ത് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഇയാൾ താമസിച്ചു വന്നാണ് തട്ടിപ്പുകൾ നടത്തുന്നത്.
വിവിധ സ്റ്റേഷനുകളിലായി കടകളിൽ എത്തി സിമെന്റ്, മറ്റ് കെട്ടിട നിർമാണ വസ്തുക്കൾ എന്നിവ വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ കേസുകളും പണം നൽകാതെ കബളിപ്പിച്ച ചെക്ക് കേസുകളും ഉണ്ട്. പൊന്നാനി ഇൻസ്പെക്ടർ സതീഷ് കുമാർ, എസ്.ഐ ടി.എം. വിനോദ്, എ.എസ്.ഐ വർഗീസ്, എം. നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നാസർ, എസ്. പ്രശാന്ത് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീരാജ്, ഗോവിന്ദ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.