കുന്നംകുളത്ത് മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
കുന്നംകുളം: മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവറെ കുന്നംകുളം പോലീസ് പിടികൂടി. കുന്നംകുളം ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ഫിദ മോൾ ബസ് ഡ്രൈവർ പെരിങ്ങോട് സ്വദേശി മങ്ങാട് പുത്തൻ വീട്ടിൽ രവീന്ദ്രനെയാണ് കുന്നംകുളം സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സന്തോഷിന്റെ നിർദ്ദേശപ്രകാരം കുന്നംകുളം ബസ്റ്റാന്റിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിവരുന്നതിനിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇയാൾ മദ്യപിച്ചതായി കണ്ടെത്തിയത്.
തുടർന്ന് ബസ് കസ്റ്റഡിയിലെടുത്ത പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. സ്കൂൾ ബസുകളും സ്വകാര്യ കെഎസ്ആർടിസി ബസുകളും കുന്നംകുളം മേഖലയിൽ പോലീസ് വ്യാപകമായി പരിശോധിക്കുന്നുണ്ട്. രണ്ടാഴ്ചക്കുള്ളിൽ മദ്യപിച്ച് വാഹനമോടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാരെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം കടവല്ലൂരിൽ മദ്യലഹരിയിൽ ഓടിച്ച വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സാഹചര്യത്തിലാണ് മേഖലയിൽ പോലീസ് പരിശോധന ശക്തമാക്കിയത്.