BREAKING NEWSEDAPPALLATEST NEWSLocal news

മാറ്റിവെച്ചത് ഒരു ചായ, തുണയായത് ഒരു ശസ്ത്രക്രിയയ്ക്ക്; കൈയടി നേടി മലബാർ ഡെന്റൽ കോളേജിന്റെ ‘സ്കിപ്പ് എ ടീ’

എടപ്പാൾ: നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയൊരു സന്തോഷം മാറ്റിവെച്ചാൽ അത് മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമാകും എന്ന് തെളിയിക്കുകയാണ് എടപ്പാൾ മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ (MDCRC).

കോളേജിലെ നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘സ്കിപ്പ് എ ടീ’ (Skip a Tea – സ്നേഹസ്പർശം) എന്ന പ്രതിമാസ ക്രൗഡ് ഫണ്ടിംഗ് പദ്ധതിയിലൂടെ ആദ്യ മാസം സമാഹരിച്ച 40,325 രൂപ ചികിത്സാ സഹായമായി കൈമാറി.ഒരു നേരത്തെ ചായ ഒഴിവാക്കി ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുക എന്ന കോളേജ് പ്രിൻസിപ്പൽ ഡോ. സുധ എസ്. മുന്നോട്ടുവെച്ച മഹത്തായ ആശയമാണ് ഈ പദ്ധതിക്ക് പിന്നിൽ.

എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്ററും പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗം മേധാവിയുമായ ഡോ. അബ്ദുൾ സഹീറിന്റെ മേൽനോട്ടത്തിൽ കോളേജിലെ എൻ.എസ്.എസ് യൂണിറ്റാണ് പദ്ധതി പ്രാവർത്തികമാക്കിയത്. എല്ലാ മാസവും കോളേജിലെ അധ്യാപകരിൽ നിന്നും ജീവനക്കാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സമാഹരിക്കുന്ന തുക, ഏറ്റവും അർഹരായ നിർധന കുടുംബങ്ങൾക്ക് നേരിട്ട് എത്തിച്ചു നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ആദ്യ മാസത്തെ സമാഹരണത്തിലൂടെ ലഭിച്ച 40,325 രൂപ, ഗുണഭോക്താവിന്റെ അമ്മയുടെ ശസ്ത്രക്രിയയ്ക്കായി ഒക്ടോബർ 13-ന് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറി. സഹായം കൈപ്പറ്റുന്ന കുടുംബത്തിന്റെ സ്വകാര്യതയും ആത്മാഭിമാനവും പൂർണ്ണമായും മാനിച്ചുകൊണ്ട്, കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സുധ എസ്സിൽ നിന്നും എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. അബ്ദുൾ സഹീർ പ്രതീകാത്മകമായി തുക ഏറ്റുവാങ്ങി.

സഹജീവികളോട് കരുണ കാണിക്കാൻ സുമനസ്സുകൾ ഒത്തുചേർന്നപ്പോൾ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കാൻ സാധിച്ചുവെന്നും, വരും മാസങ്ങളിലും അർഹരായ കൂടുതൽ പേർക്ക് പ്രതീക്ഷയും താങ്ങുമായി ഈ കാരുണ്യയാത്ര തുടരുമെന്നും കോളേജ് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button