എസ്.ഐ.ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കരുത്
കുമ്പിടി: എസ്.ഐ.ആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികളുടെ മറവിൽ അർഹരായ പൗരന്മാർക്ക് പൗരത്വാവകാശങ്ങളും വോട്ടവകാശവും നിഷേധിക്കരുതെന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് തൃത്താല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾ അർഹരായ ഒരാളുടെയും ജനാധിപത്യ അവകാശങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കരുതെന്ന ആവശ്യമാണ് പരിപാടിയിലൂടെ ഉയർത്തിയത്.സമസ്ത കുമ്പിടി കാര്യാലയത്തിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി കുമ്പിടി സെൻ്ററിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന സംഗമം കുമ്പിടി റെയ്ഞ്ച് പ്രസിഡന്റ് ഹസ്സൻ മൗലവി ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് ഷംസുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു. ത്വയ്യിബ് ഫൈസി ആലൂർ മുഖ്യപ്രഭാഷണം നടത്തി.വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആർ നടപടികളിൽ അർഹരായ വോട്ടർമാരുടെ പേരുകൾ ഒഴിവാകാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും നടപടികൾ സുതാര്യവും നീതിപൂർവവുമായിരിക്കേണ്ടതിന്റെ പ്രാധാന്യവും പ്രതിഷേധ സംഗമത്തിൽ ചൂണ്ടിക്കാട്ടി.
രേഖകളുടെ പരിശോധനയിലോ നടപടിക്രമങ്ങളിലോ ഉണ്ടാകുന്ന പിഴവുകൾ കാരണം അർഹരായ വ്യക്തികൾക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജനാധിപത്യത്തിൽ ഓരോ പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പരിപാടി ആവശ്യപ്പെട്ടു.
ആനക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. മുഹമ്മദ്, എം വി ഫസൽ മാസ്റ്റർ, കുട്ടി കൂടല്ലൂർ, നൗഫൽ ഫൈസി, ഒ.എസ്. അബൂബക്കർ ഹാജി, ഹംസ ഹാജി പാച്ചത്ത്, നൗഷാദ് അൻവരി, മുഹ്‌യദ്ദീൻ ദാരിമി, ഹബീബ് ഫൈസി, ഷറഫുദ്ദീൻ അൻവരി, ഉവൈസ്, ജഹ്ഫർ മാസ്റ്റർ, മൻസൂർ, സാബിത്ത്, റഹീം, റഫീഖ് ദാരിമി, ഹൈദർ മൗലവി, ഹൈദർ അലി ഫൈസി, ബാദുഷ ദാരിമി, സാലിഹ് ഫൈസി, ഷറഫുദ്ദീൻ ഫൈസി, മിശാൽ അസ്‌ഹരി, സലാം, ഷബീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.മേഖലാ സെക്രട്ടറി കബീർ ദാരിമി സ്വാഗതവും ട്രഷറർ അബ്ദുറഹ്മാൻ ഫൈസി നന്ദിയും പറഞ്ഞു.