പൊന്നാനി ഫിഷിങ് ഹാർബർ അടിമുടി മാറുന്നു; 30 കോടിയുടെ പദ്ധതി തയാറായി
പൊന്നാനി; ഫിഷിങ് ഹാർബർ അടിമുടി മാറുന്നു. പുതുമോടിയിലേക്ക് ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖം മാറ്റാൻ 30 കോടി രൂപയുടെ പദ്ധതി തയാറായി. മീൻപിടിത്ത വള്ളങ്ങൾക്കായി പുതിയ വാർഫ് നിർമിക്കും. നിലവിലുള്ള വാർഫിന്റെ തെക്ക് ഭാഗത്തായാണ് പുതിയ വാർഫ് നിർമിക്കുന്നത്. ഇതോടൊപ്പം തന്നെ പുതിയ ലേലഹാളും പാർക്കിങ് ഏരിയയും ഒരുങ്ങും. ബോട്ടുകൾക്ക് മാത്രമാണ് ഇപ്പോൾ വാർഫ് ഉള്ളത്. പുതിയ പദ്ധതി വരുന്നതോടെ വള്ളങ്ങൾക്കും നങ്കൂരമിടാൻ ഇടമൊരുങ്ങും.
6 കോടി രൂപയാണ് ഇതിനായി ചെലവ് കണക്കാക്കിയിരിക്കുന്നത്. നിലവിലുള്ള ലേല ഹാൾ ആധുനികമാക്കും. നിലത്ത് ടൈൽ വിരിക്കും. പാർക്കിങ് ഏരിയയിൽ മേൽക്കൂര ഒരുക്കും. തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകും. ചിൽഡ് റൂം, കോൾഡ് സ്റ്റോറേജ്, പുതിയ ഹാർബർ ഗേറ്റ്, കവാടം, ഹാർബറിലെ മുഴുവൻ റോഡും റബറൈസിങ്. ലാൻഡ് സ്കേപിങ്, പൂന്തോട്ടം, മത്സ്യത്തൊഴിലാളികൾക്കുള്ള വിശ്രമ കേന്ദ്രം, പുലിമുട്ടുകളുടെ നവീകരണം,
പുലിമുട്ട് റോഡ് ടൈൽ വിരിക്കൽ, വർക്ക് ഷോപ്പ് കെട്ടിടം, വല നെയ്യുന്നതിനുള്ള കേന്ദ്രം തുടങ്ങിയവ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. മലബാറിലെ തന്നെ പ്രധാന മത്സ്യബന്ധന തുറമുഖമാക്കി പൊന്നാനിയെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഹാർബർ വികസനത്തിന് യോജ്യമായ സ്ഥല സൗകര്യം ഉള്ളതിനാൽ പരമാവധി പദ്ധതികൾ നടപ്പാക്കാൻ കഴിയും. ഇതോടൊപ്പം തന്നെ ഹാർബർ പ്രദേശം ആഴം കൂട്ടുന്നതിനുള്ള നടപടികളും നടക്കും. പുതിയ പദ്ധതിയിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.