HEALTHLocal newsPONNANIPUBLIC INFORMATION

കുട്ടികൾക്ക് ലഹരി നൽകിയാൽ ‘പോക്സോ’ ചുമത്തണം: ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം / പൊന്നാനി:
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകുന്നതും വിൽക്കുന്നതും വെറുമൊരു കുറ്റകൃത്യമായി കാണാതെ, അതിനെ പോക്സോ (POCSO) നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയ്ക്ക് നിവേദനം സമർപ്പിച്ചു. മുൻ പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവും msf മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഫർഹാൻ ബിയ്യമാണ് തിരുവനന്തപുരത്ത് വെച്ച് ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നേരിട്ട് നിവേദനം കൈമാറിയത്.

വിഷയത്തിന്റെ അടിയന്തിര പ്രാധാന്യവും ഗൗരവവും പൂർണ്ണമായി ഉൾക്കൊണ്ട ആഭ്യന്തര മന്ത്രി, ഇതിന്മേൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി അപ്പോൾ തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് ഔദ്യോഗികമായി നോട്ട് എഴുതി നൽകുകയും ചെയ്തു.
കേരള പോലീസും ആഭ്യന്തര വകുപ്പും നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan) കൂടുതൽ ഫലപ്രദമാക്കുന്നതിനാണ് നിയമപരമായ ഈ മാറ്റം അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

കുട്ടികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ നടത്തുന്ന കടന്നുകയറ്റം നമ്മുടെ തലമുറകളുടെ ഭാവിയെ തകർക്കുന്ന കടുത്ത അതിക്രമമാണ്. നിലവിലെ നിയമങ്ങളിലെ പരിമിതികൾ ലഹരിസംഘങ്ങൾ മുതലെടുക്കുന്ന സാഹചര്യത്തിലാണ് പോക്സോ നിയമത്തിന്റെ മാതൃകയിൽ കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

*പ്രധാന ആവശ്യങ്ങൾ:*

1. *പോക്സോ പരിധിയിൽ ഉൾപ്പെടുത്തുക:*
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലഹരിപദാർത്ഥങ്ങൾ നൽകുന്നതോ, വിൽക്കുന്നതോ ആയ കുറ്റകൃത്യങ്ങളെ പോക്സോ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനായുള്ള നിയമനിർമ്മാണത്തിന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശക്തമായി ശുപാർശ ചെയ്യുക.

2. *നിലവിലെ നിയമങ്ങൾ കർശനമാക്കൽ:*
നിയമഭേദഗതി വരുന്നത് വരെ, നിലവിലുള്ള ജുവനൈൽ ജസ്റ്റിസ് ആക്ട് – സെക്ഷൻ 77 പ്രകാരം ലഹരി മാഫിയകൾക്കെതിരെ കർശനമായി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പോലീസിന് പ്രത്യേക നിർദ്ദേശം നൽകുക.

3. *സ്കൂൾ കേന്ദ്രീകൃത നിരീക്ഷണം (SPG):*
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ (SPG) അടിയന്തിരമായി പുനരുജ്ജീവിപ്പിക്കുകയും, ഷാഡോ പോലീസിന്റെ നിരീക്ഷണം ശക്തമാക്കുകയും ചെയ്യുക.

4. *ഓൺലൈൻ സൈബർ വിംഗ്:*
സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ, ഡാർക്ക് വെബ് എന്നിവ വഴി വിദ്യാർത്ഥികളിലേക്ക് ലഹരി എത്തിക്കുന്ന സംഘങ്ങളെ പിടികൂടാൻ ‘ഓപ്പറേഷൻ തൂഫാന്റെ’ കീഴിൽ പ്രത്യേക സൈബർ നിരീക്ഷണം ഏർപ്പെടുത്തുക.

‘ഓപ്പറേഷൻ തൂഫാൻ’ പോലുള്ള മികച്ച പദ്ധതികൾക്കൊപ്പം നിയമപരമായ ഈ കാൽവെപ്പുകൾ കൂടി ഉണ്ടായാൽ അത് നമ്മുടെ കുട്ടികൾക്ക് വലിയൊരു സുരക്ഷാകവചമായി മാറുമെന്ന് ഫർഹാൻ ബിയ്യം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button