എന്‍റെ മകൾ ഇവളെപ്പോലെ വളരണം; നേഹ ബോറയുടെ റീൽ പങ്കുവച്ച് വിനീത് ശ്രീനിവാസൻ
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രധാനമായും ചർച്ചചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് 29കാരിയായ നേഹ ബോറയുടേത്. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റും ജെഎൻയുവിലെ ഗവേഷകയുമായ നേഹ ബോറയുടെ ആർജവത്തിന് വലിയ പിന്തുണയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ, നേഹയ്‌ക്ക് പിന്തുണയറിയിച്ചുകൊണ്ട് നടൻ വിനീത് ശ്രീനിവാസൻ പങ്കുവച്ച റീലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.അവകാശങ്ങളെക്കുറിച്ച് അറിഞ്ഞ് വളരുന്ന ഒരു മകളെയാണ് എനിക്ക് വേണ്ടത്. ഈ ലോകത്ത് കേവലം അതിജീവനത്തിനായി മാത്രം പഠിച്ച് വളരുന്നതും പങ്കാളിയെ പരിപാലിക്കുകയാണ് തന്റെ ജീവിതത്തിലെ ഏക ലക്ഷ്യം എന്ന് ചിന്തിക്കുന്നതും എനിക്കിഷ്ടമല്ല. സ്വന്തം മൂല്യമറിയുന്ന, ആരുടെയും സഹായം ആവശ്യമില്ലാത്ത, നിശബ്‌ദയാക്കപ്പെടാനോ താനായിരിക്കാൻ അനുവാദം വാങ്ങാനോ നിൽക്കാത്ത, ലോകം മുഴുവനും എതിർത്താലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്‌ത്രീയായി അവൾ വളരണം. എന്റെ മകൾ ആരായി വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് അറിയാമോ? അവൾ’- വിനീത് ശ്രീനിവാസൻ പങ്കുവച്ച റീലിൽ പറയുന്നു. സമരമുഖത്തെ നേഹ ബോറയുടെ ദൃശ്യങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളതാണ് വിനീത് ശ്രീനിവാസൻ പങ്കുവച്ച റീൽ.സിനിമാ മേഖലയിൽനിന്ന് നിരവധി പേർ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്. നടി നസ്രിയയും നേഹ ബോറയുടെ ചിത്രം ഉൾക്കൊള്ളുന്ന പോസ്റ്റർ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു. ‘ദസറയുടെ ആദ്യ ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് ഷെയർ ചെയ്‌തത്. തിന്മയ്‌ക്ക് മേൽ നന്മ വിജയം നേടുന്ന ദസറയുടെ സങ്കൽപത്തെ ഡൽഹിയുടെ സമരങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന തരത്തിലാണ് പോസ്റ്റർ.