BREAKING NEWSKERALAPUBLIC INFORMATION

14 നോട്ടിക്കൽ മൈൽ അകലെ ബോട്ട് അപകടം; കടലിൽ മുങ്ങിത്താഴ്ന്ന 14 തൊഴിലാളികൾക്ക് രക്ഷകരായി; ബേപ്പൂർ കോസ്റ്റൽ പൊലീസിന് ദേശീയ മാരിടൈം പുരസ്‌കാരം

കോഴിക്കോട്: ആഴക്കടലിൽ അപകടത്തിൽപ്പെട്ട് മുങ്ങിത്താഴ്ന്ന 14 മൽസ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ സുപ്രധാന ഇടപെടൽ നടത്തിയ ബേപ്പൂർ കോസ്റ്റൽ പൊലീസിന് ദേശീയ അംഗീകാരം.

2025–26 വർഷത്തെ ‘നാഷണൽ മാരിടൈം സേർച്ച് ആൻഡ് റെസ്ക്യൂ’ അവാർഡാണ് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനെ തേടിയെത്തിയത്. ഒഡീഷയിലെ ഭുവനേശ്വറിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തിൽ നിന്ന് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ. സലീം പുരസ്കാരം ഏറ്റുവാങ്ങി2026 ജനുവരി 12നാണ് വലിയ അപകടം നടന്നത്. രാവിലെ 8.30 ഓടെയാണ് ബേപ്പൂര്‍ തീരത്തുനിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് സെന്റ് തിയോസിസ് എന്ന ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 14 തൊഴിലാളികളും കടലില്‍ മുങ്ങിത്താഴുന്ന സാഹചര്യമുണ്ടായി. വിവരം ലഭിച്ചയുടന്‍ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് അപകടസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡ് ബോട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറി.ഇതോടെ സമയോചിതമായി ഇടപെട്ട കോസ്റ്റ് ഗാര്‍ഡ് സംഘം ബോട്ടിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമയുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് അപകടം നടന്ന കൃത്യമായ സ്ഥലം കണ്ടെത്തി കോസ്റ്റ് ഗാര്‍ഡിന് കൈമാറാന്‍ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസിന് സാധിച്ചത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതില്‍ നിര്‍ണായകമായി. രക്ഷാപ്രവര്‍ത്തനത്തില്‍ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് നടത്തിയ മാതൃകാപരമായ ഇടപെടല്‍ പരിഗണിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡാണ് സ്റ്റേഷനെ ദേശീയ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button