ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന ഭര്‍ത്താവിന്റെ പരാതി വ്യാജമെന്ന് യുവതി.
മലപ്പുറം കോട്ടക്കലിൽ ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന യുവാവിന്റെ പരാതിയിൽ വഴിത്തിരിവ്. വ്യാജ പരാതി നൽകി ബന്ധുക്കളെ ജയിലിലാക്കാനാണ് ഭർത്താവ് ശ്രമിച്ചതെന്ന് യുവതി പറഞ്ഞു. ഗാർഹിക പീഡനത്തിന് താൻ നൽകിയ പരാതിയിൽ പൊലീസ് നടപടിയില്ലെന്നും യുവതി ആരോപിച്ചു.
കഴിഞ്ഞ മാസമാണ് കോട്ടക്കലിൽ വരനെ ക്രൂരമായി മർദിച്ചെന്ന കേസിൽ വധുവിന്റെ പിതാവ് അടക്കമുള്ള ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ യുവാവിന്റെ പരാതി വ്യാജമാണെന്നും രാഷ്ട്രീയ സ്വാധീനത്തിൽ ഭർത്താവിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ഭാര്യ പറയുന്നു. ഭർത്താവിനെതിരെ താൻ നൽകിയ പീഡനക്കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും നവവധുവായ പെൺകുട്ടി ആരോപിച്ചു. തനിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനം ഉണ്ടായെന്നും എതിർത്തപ്പോൾ അതിക്രൂരമായി മർദിച്ചെന്നും പെൺകുട്ടി പറഞ്ഞു . പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടിയില്ലെന്നാണ് ആരോപണം.
വിവാഹമോചനം ആവശ്യപ്പെട്ട് മർദിച്ചെന്ന വരന്റെ പരാതി കെട്ടിച്ചമച്ചതാണെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. വിവാഹ സമയത്ത് 44 പവൻ സ്വർണാഭരണങ്ങൾ നൽകിയിരുന്നു. ഇതെല്ലാം ഭർത്താവ് കൈക്കലാക്കി. വീണ്ടും സ്വർണവും പണവും ആവശ്യപ്പെട്ട് മർദനം പതിവായിരുന്നെന്നും പെൺകുട്ടി പറഞ്ഞു. നീതിക്കായി വനിതാ കമ്മീഷനെ അടക്കം സമീപിക്കുമെന്നും പെൺകുട്ടി വ്യക്തമാക്കി.