ക്ലീൻ ഷോട്ട് മലപ്പുറം 2026: ജൂലൈ 15 വരെ നീട്ടി; പരിശോധനകളിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ
മലപ്പുറം ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന ക്ലീൻ ഷോട്ട് മലപ്പുറം 2026’ ശുചിത്വ-ഭക്ഷ്യസുരക്ഷാ ക്യാമ്പയിൻ ജൂലൈ 15 വരെ ദീർഘിപ്പിച്ചു.
ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിലെ ഹോട്ടലുകൾ, ചായക്കടകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, കാറ്ററിംഗ് യൂണിറ്റുകൾ, തട്ടുകടകൾ ഉൾപ്പെടെ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന 7,080 സ്ഥാപനങ്ങളിൽ ഇതിനകം കർശന പരിശോധന പൂർത്തിയാക്കി.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന നിരവധി ഗുരുതര വീഴ്ചകളാണ് പരിശോധനയിൽ കണ്ടെത്തിയത്:
⚠️ അടിയന്തരമായി പരിഹരിക്കേണ്ട പ്രധാന കണ്ടെത്തലുകൾ:
ലൈസൻസ് ഇല്ലാത്തവ: പരിശോധിച്ച സ്ഥാപനങ്ങളിൽ 35%എണ്ണവും മതിയായ രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.
ഹെൽത്ത് കാർഡ്:ജില്ലയിലെ ഭക്ഷ്യോത്പാദന മേഖലയിലെ തൊഴിലാളികളിൽ 15% പേർ അതിഥി തൊഴിലാളികളാണ്. ആകെ തൊഴിലാളികളിൽ 33% പേർക്കും ഹെൽത്ത് കാർഡില്ല.
ശുദ്ധജല ലഭ്യതയും പരിശോധനയും:
ആകെയുള്ള കുടിവെള്ള സ്രോതസ്സുകളിൽ 34% മാത്രമാണ് വർഷത്തിലൊരിക്കലെങ്കിലും ക്ലോറിനേഷൻ നടത്തിയിട്ടുള്ളത്. 33% കിണറുകൾ ഒരിയ്ക്കൽ പോലും ക്ലോറിനേറ്റ് ചെയ്തിട്ടില്ല.
പകുതി (50%) കിണറുകളിലെ വെള്ളം മാത്രമേ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളൂ. ഇതിൽ 8% വെള്ളവും കുടിക്കാൻ അനുയോജ്യമല്ലഎന്ന് കണ്ടെത്തി.
6% കടകളിൽ തിളപ്പിച്ചാറിയ വെള്ളമല്ല നൽകുന്നത്. 82 സ്ഥാപനങ്ങൾ (1%) കുടിവെള്ളം മിക്സ് ചെയ്ത് നൽകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ശുചിമുറി സൗകര്യം:80% സ്ഥാപനങ്ങളിലും തൊഴിലാളികൾക്കായി പ്രത്യേക ടോയ്‌ലറ്റ് സംവിധാനമില്ല.
📢 ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദ്ദേശം:
പൊതുജനങ്ങളുടെ ആരോഗ്യം മുൻനിർത്തി ആരംഭിച്ച ഈ ക്യാമ്പയിൻ വരും ദിവസങ്ങളിലും കൂടുതൽ ശക്തമായി തുടരും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുന്നതാണ്. എല്ലാ വിപണന കേന്ദ്രങ്ങളും അടിയന്തരമായി പോരായ്മകൾ പരിഹരിച്ച് ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.
#CleanShotMalappuram2026 #HealthAlert #FoodSafety #Malappuram #DistrictCollectorMalappuram