Local newsMALAPPURAM

2 മാസം പിന്നിട്ട് സ്വർണക്കടത്ത് കേസ്

കൊണ്ടോട്ടി:രാമനാട്ടുകരയ്ക്കു സമീപം വാഹനാപകടത്തിൽ 5 യുവാക്കൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ എത്തിയ കേസിന് ഇന്ന് 2 മാസം. ഇതുവരെ പിടിയിലായവർ 34. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ 16. ഇനി പിടിയിലാകാനുണ്ടെന്നു കരുതുന്നവർ 30. ഇത്രയേറെ പേർ അറസ്റ്റിലാകുകയും വാഹനങ്ങൾ കണ്ടെടുക്കുകയും ചെയ്ത ചെയ്ത സ്വർണക്കടത്ത് കേസ് കരിപ്പൂരിൽ ആദ്യമാണ്. ഇതുവരെ ഒരാൾക്കുപോലും ജാമ്യം ലഭിച്ചിട്ടുമില്ല.

കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണവുമായി എത്തിയ മലപ്പുറം സ്വദേശി ഷഫീഖിൽനിന്നു സ്വർണം ലക്ഷ്യസ്ഥാനത്ത് എത്തിക്കുക, അതു തട്ടിയെടുക്കാനെത്തുന്ന സംഘത്തെ തടയുക തുടങ്ങിയ ഉദ്ദേശ്യവുമായി ജൂൺ 21നു കരിപ്പൂരിൽ സംഗമിച്ച സംഘങ്ങളെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ഷഫീഖ് കൊണ്ടുവന്ന സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. അതുമായി ബന്ധപ്പെട്ട കസ്റ്റംസിന്റെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. അന്നു കരിപ്പൂരിലും പരിസരങ്ങളിലും സംഗമിച്ചവരെക്കുറിച്ചു സിസിടിവി ദൃശ്യങ്ങളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് അന്വേഷണം.

അന്വേഷണത്തിനിടെ മുങ്ങിയ 2 പേരെ മുംബൈയിൽനിന്ന് ദിവസങ്ങൾക്കു മുൻപ് പിടികൂടിയിരുന്നു.സംഭവത്തിനു രാജ്യാന്തര ഗൂഢാലോചനയുണ്ടെന്നാണു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ്, കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 15 പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം.

ഒരാൾകൂടി അറസ്റ്റിൽ

കൊണ്ടോട്ടി ∙ കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. കൊടുവള്ളി വട്ടോളി സ്വദേശി കോട്ടോപറമ്പിൽ മുഹമ്മദ് റഫി (31) യെയാണ് ഡിവൈഎസ്പി കെ.അഷ്റഫിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ താമരശേരിയിൽനിന്ന് അറസ്റ്റ് ചെയ്തത്. സംഭവ ദിവസം കൊടുവള്ളി സംഘത്തോടൊപ്പം മുഹമ്മദ് റഫി കരിപ്പൂരിൽ എത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു. അർജുൻ ആയങ്കി വന്ന വാഹനത്തെ പിന്തുടർന്ന ഒരു വാഹനത്തിൽ ഇയാൾ ഉണ്ടായിരുന്നുവെന്നും റഫിയുടെ കൂടെയുള്ളവരെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു.

കരിപ്പൂർ ഇൻസ്പെക്ടർ ഷിബു, ശശി കുണ്ടറക്കാട്, സത്യനാഥൻ മനാട്ട്, അസീസ് കാര്യോട്ട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി.സഞ്ജീവ്, എഎസ്ഐ ബിജു, വി.കെ.സുരേഷ്, രാജീവ് ബാബു, ഒ.മോഹൻ ദാസ്, ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, എസ്ഐമാരായ മാരായ സതീഷ് നാഥ്, അബ്ദുൽ ഹനീഫ, ദിനേശ് കുമാർ എന്നിവരാണ്പിടികൂടി അന്വേഷണം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button