പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ സങ്കടം സഹിക്കാനാവാതെ മക്കൾ

പൊന്നാനിയിൽ ഭാര്യയെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ അറസ്റ്റിലായ പ്രതിയെ പൊന്നാനിയിലെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോൾ കാണാനായത് കരളലിയിക്കുന്ന രംഗങ്ങൾ. തങ്ങളുടെ ഏക ആശ്രയമായിരുന്ന ഉമ്മയെ നഷ്ടപ്പെട്ട വേദനയിൽ നിൽക്കുന്ന മൂന്നു മക്കളും പിതാവ് കൂടിയായ പ്രതിയെ തൂക്കിക്കൊല്ലണം എന്ന് പറഞ്ഞാണ് അലമുറയിട്ടത്. കണ്ടുനിന്ന ബന്ധുക്കളും അയൽവാസികളും യൂനസ് കോയയെ അമർഷത്തോടെയും ദേഷ്യത്തോടെയുമാണ് നോക്കി കണ്ടത്. തെളിവെടുപ്പിനായി പ്രതിയെ പൊന്നാനിയിലേക്ക് കൊണ്ടുവരുമ്പോൾ ആയിരക്കണക്കിന് പേരാണ് പരിസരത്ത് തടിച്ചു കൂടിയിരുന്നത്. കഴിഞ്ഞ ഇരുപതാം തീയതിയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടാകുന്നത്. കൊലപാതകം ലക്ഷ്യമിട്ട് ഗൾഫിൽ നിന്നും മടങ്ങിയെത്തിയ പ്രതി ഭാര്യയായ സുലൈഖയെ രാത്രിയിൽ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കനോലി കനാൽ നീന്തിക്കിടന്ന് രക്ഷപ്പെട്ട് പിന്നാലെ ഹൈദരാബാദിലെത്തിയ പ്രതിയെ അവിടെ നിന്നുമാണ് പോലീസ് പിടികൂടിയത്.