ഘടകകക്ഷികളെ സ്നേഹംകൊണ്ട് കോർത്തിണക്കിയ പാലം
ആദ്യമായി ഞാൻ നിയമസഭയിലെത്തിയ 1982 ൽ ആണ് ഉമ്മൻ ചാണ്ടിയുമായി അടുത്തു പരിചയപ്പെടുന്നത്. കരുണാകരനും സിഎച്ചുമുൾപ്പെടെയുള്ള അതികായരുണ്ടായിരുന്ന സഭയാണ്. അവർക്കിടയിലും ഊർജസ്വലതയും നേതൃപാടവവും കൊണ്ട് ഉമ്മൻ ചാണ്ടി വേറിട്ടു നിന്നു. ഉമ്മൻ ചാണ്ടിയെന്ന പ്രതിഭാസത്തോടുള്ള ആകർഷണീയത അന്നേ തോന്നിയിരുന്നു. സഹപ്രവർത്തകനായും ആത്മമിത്രമായും പതിറ്റാണ്ടുകളോളം അദ്ദേഹവുമായി അടുത്തു പ്രവർത്തിച്ചപ്പോൾ അത് കൂടുകയല്ലാതെ ഒരു തരിപോലും കുറഞ്ഞില്ല.
ഐക്യത്തിന്റെ പുതിയ സാധ്യതകൾ തുറക്കുന്ന സമയത്ത്, കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ ഉമ്മൻ ചാണ്ടി ഫാക്ടർ തീർച്ചയായും മാതൃകയാണ്.കരുണാകരനും എ.കെ.ആന്റണിയുമൊക്കെ കോൺഗ്രസിന്റെയും ഭരണത്തിന്റെയും തലപ്പത്തുണ്ടായിരുന്ന കാലത്തും മുന്നണിയിലെ ഘടകകക്ഷികളെ കോർത്തിണക്കുന്ന പാലം ഉമ്മൻ ചാണ്ടിയായിരുന്നു.പൊതുജീവിതത്തിലെന്ന പോലെ മുന്നണി കൺവീനറെന്ന നിലയിലും സ്നേഹം തന്നെയായിരുന്നു അദ്ദേഹത്തെിന്റെ ആയുധം. സ്നേഹത്തിന്റെ നൂല് കൊണ്ട് എല്ലാവരെയും അടുപ്പിക്കും. ആ സ്നേഹാലിംഗനത്തിൽ നിന്ന് ആർക്കും കുതറി മാറാനാവില്ല. തിരഞ്ഞെടുപ്പ് സമയത്ത് ആദ്യത്തെ സീറ്റ് ചർച്ച ലീഗുമായിട്ടായിരിക്കും. വലിയ വില പേശലില്ലാതെ ലീഗുമായി കാര്യങ്ങൾ തീരുമാനിക്കാമെന്ന് അദ്ദേഹത്തിനറിയാം. അത് ചൂണ്ടിക്കാട്ടി മറ്റു ഘടകകക്ഷികളുമായും ധാരണയിലെത്തുന്ന രാഷ്ട്രീയ തന്ത്രജ്ഞത അദ്ദേഹത്തിനുണ്ടായിരുന്നു.രാഷ്ട്രീയ ജീവിതത്തിൽ വലിയ പ്രതിസന്ധി നേരിട്ട സമയത്ത് ഏറ്റവുമടുത്ത സുഹൃത്തിനെപ്പോലെ അദ്ദേഹം കൂടെ നിന്നു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വിളിച്ചു ധൈര്യം പകർന്നു. 2011 തിരഞ്ഞെടുപ്പ് ഫലം വന്നത് ഒരു വെള്ളിയാഴ്ചയാണ്. വോട്ടെണ്ണൽ പുരോഗമിച്ചു കൊണ്ടിരിക്കെ എനിക്ക് ഉമ്മൻ ചാണ്ടിയുടെ ഫോൺ. യുഡിഎഫ് ഭരണത്തിൽ വരുന്നെങ്കിൽ അതു നേരിയ ഭൂരിപക്ഷത്തിനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിറവവും തൃത്താലയും മാത്രമാണ് അപ്പോൾ എണ്ണാനുള്ളത്.
ഞാൻ ജുമുഅ നമസ്കാരത്തിനായി പള്ളിയിലേക്ക് പോകാനിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടി നന്നായി പ്രാർഥിക്കണമെന്ന് എന്നോട് പറഞ്ഞു. പള്ളിയിൽ നിന്ന് തിരിച്ചെത്തിയപ്പോഴേക്കും ഫലം പൂർണമായി അറിഞ്ഞിരുന്നു. യുഡിഎഫിന് നേരിയ ഭൂരിപക്ഷം മാത്രം. ഉടൻ തിരുവനന്തപുരത്തേക്ക് പുറപ്പെടാൻ അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലെത്തിയപ്പോൾ കൊച്ചിയിൽ ഇറങ്ങി കോട്ടയത്തേക്ക് ചെല്ലാൻ പറഞ്ഞു. എന്റെ കൂടെ തിരുവനന്തപുരത്തേക്ക് ഹൈദരലി ശിഹാബ് തങ്ങളുൾപ്പെടെുള്ളവരുണ്ടെന്ന് പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല.ഉടൻ കോട്ടയത്തെത്താനായിരുന്നു നിർദേശം. അന്ന് ഉരുണ്ടുകൂടിയ ചില പ്രതിസന്ധികളെ ഞങ്ങളൊരുമിച്ചാണ് നേരിട്ടത്. അഞ്ചാം മന്ത്രി വിവാദമൊക്കെ ആ പ്രതിസന്ധിയുടെ അനന്തരഫലമായിരുന്നു. അതിനെക്കുറിച്ച് അദ്ദേഹം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഞാനും വെളിപ്പെടുത്താനുദ്ദേശിക്കുന്നില്ല. അദ്ദേഹത്തിന്റെ ലാളിത്യം യുഎഇ ഭരണാധികാരി ഷെയ്ഖ് സായിദിനെപ്പോലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. യുഎഇ സന്ദർശനത്തിനിടെ ഭരണാധികാരികളെ കാണാൻ പോയപ്പോൾ ഞങ്ങളെല്ലാം സൂട്ടും കോട്ടുമൊക്കെയാണ് ധരിച്ചിരുന്നത്.ഉമ്മൻ ചാണ്ടിയുടെ വേഷം മുണ്ടും ഷർട്ടും. വ്യവസായ പ്രമുഖനായ എം.എ.യൂസഫലി അദ്ദേഹത്തെ പരിചയപ്പെടുത്തിയപ്പോൾ അവർക്ക് അദ്ഭുതം. മുഹമ്മദലി ശിഹാബ് തങ്ങൾക്ക് ഉമ്മൻ ചാണ്ടിയോട് പ്രത്യേക വാൽസല്യമുണ്ടായിരുന്നു. എന്തു ചടങ്ങ് നടന്നാലും ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം അദ്ദേഹം ആഗ്രഹിച്ചു. എന്നെ വിളിച്ചു പറയും. മറ്റെല്ലാ പരിപാടികളും മാറ്റി ഉമ്മൻ ചാണ്ടി എത്തും. ലീഗ് വേദികളിലും അണികൾക്കിടയിലും സ്വന്തം നേതാക്കൾക്ക് ലഭിക്കുന്ന സ്വീകാര്യതയും ആരവവുമാണ് ഉമ്മൻ ചാണ്ടിക്കു ലഭിച്ചിരുന്നത്. അദ്ദേഹം എല്ലാവരുടേയും സ്വന്തമായിരുന്നു.