Local newsMALAPPURAM

ജീവൻ രക്ഷിച്ച ഉമ്മൻ ചാണ്ടിയെ കാണാൻ ഗോപിനാഥൻ കോട്ടയത്ത്

നിലമ്പൂർ ∙ വർഷം 1992. ചാലിയാർ പഞ്ചായത്തിൽ റോഡുകളും വാഹനങ്ങളും കുറവുള്ള കാലം. പ്രദേശത്തെ നിലമ്പൂരുമായി ബന്ധിപ്പിക്കുന്ന മൈലാടി പാലത്തിന്റ നിർമാണം അവസാന ഘട്ടത്തിലാണ്. നേരം ഇരുട്ടിത്തുടങ്ങി. മണ്ണുപ്പാടത്ത് മൺപാതയിലൂടെ പാമ്പ് കടിയേറ്റ 19 വയസ്സുകാരനെ സൈക്കിളിൽ ഇരുത്തി തള്ളിക്കൊണ്ടുപോകുകയാണ് സഹോദരനും സുഹൃത്തും. ലക്ഷ്യം 6 കിലോമീറ്റർ അകലെ നിലമ്പൂരിലെ സർക്കാർ ആശുപത്രി. ഇടയ്ക്കിടെ വാഹനങ്ങൾ കടന്ന് പോകുന്നുണ്ട്. കൈകാണിച്ചിട്ട് ഒന്നും നിർത്തുന്നില്ല. യുവാക്കൾ കരച്ചിലിന്റെ വക്കിലാണ്. അപ്പോൾ അകമ്പാടം ഭാഗത്ത് നിന്ന് വരുന്ന ജീപ്പിന്റെ വെളിച്ചം ശ്രദ്ധയിൽപെട്ടു.യുവാക്കൾ രണ്ടും കൽപിച്ച് സൈക്കിൾ റോഡിൽ വിലങ്ങനെ നിർത്തി. അടുത്തെത്തിയപ്പോൾ ജീപ്പ് നിന്നു. മുന്നിലിരുന്നയാൾ വെളിയിലേക്ക് തലയിട്ട് വിവരം തിരക്കി. ആളെക്കണ്ട് യുവാക്കൾ ഞെട്ടി. ധനകാര്യ മന്ത്രി ഉമ്മൻ ചാണ്ടി. ചാലിയാറിൽ പൊതുപരിപാടി കഴിഞ്ഞ് മടങ്ങുകയാണ്. ജീപ്പോടിച്ചത് പ്രാദേശിക കോൺഗ്രസ് നേതാവ് നാലകത്ത് ഹൈദരാലി. കാര്യം കേട്ടപാടേ രോഗിയെ വേഗം ജീപ്പിൽ കയറ്റാൻ ഉമ്മൻ ചാണ്ടി പറഞ്ഞു. വാഹനം ആശുപത്രിയിലേക്ക് കുതിച്ചു. അവിടെ എത്തിയപ്പാേൾ ഡ്യൂട്ടി ഡോക്ടർ ഇല്ല.

പുറത്ത് പോയിരിക്കുകയാണ്. വേഗം വിളിച്ചു വരുത്താൻ ഉമ്മൻ ചാണ്ടി നിർദേശിച്ചു. ഡോക്ടർ പാഞ്ഞെത്തി. ജോലി സമയത്ത് ആശുപത്രി വിട്ടു പോയതിന് അദ്ദേഹത്തെ ഉമ്മൻ ചാണ്ടി ശാസിച്ചു. ചികിത്സ ഉറപ്പാക്കിയ ശേഷമാണ് ഉമ്മൻ ചാണ്ടി മടങ്ങിയതെന്ന് പാമ്പ് കടിയേറ്റ അകമ്പാടം വൈലാശ്ശേരി വേണാണിക്കോട് പൊടിമണ്ണിൽ ഗോപിനാഥൻ ഓർക്കുന്നു. അപകടനില തരണം ചെയ്തെന്ന് ഉറപ്പാക്കും വരെ അടുത്ത 2 ദിവസം ഉമ്മൻ ചാണ്ടി ആശുപത്രിയിൽ വിളിച്ച് വിവരം അന്വേഷിച്ചു കൊണ്ടിരുന്നു.സംഭവകഥ അവിടെയും തീർന്നില്ലെന്ന് സിപിഎം പ്രവർത്തകനായ ഗോപിനാഥൻ. 20 വർഷം മുന്നോട്ടു പോയി. പുതുപ്പളളിയിൽ ഉമ്മൻ ചാണ്ടിയുടെ അയൽവാസിയായ പി.ജി.ഉമ്മന് വൈലാശ്ശേരിയിൽ തോട്ടമുണ്ട്. ഉമ്മൻ മരിച്ചതറിഞ്ഞ് ഗോപിനാഥനും സുഹൃത്തുക്കളും പുതുപ്പള്ളിയിൽ എത്തി. അന്ത്യോപചാരമർപ്പിക്കാൻ ഉമ്മൻ ചാണ്ടി മരണ വീട്ടിൽ വന്നു. ഗോപിനാഥൻ അദ്ദേഹത്തെ സമീപിച്ചു. നിലമ്പൂരിൽ നിന്നാണെന്ന് പരിചയപ്പെടുത്തി. പാമ്പ് കടിയേറ്റ ഒരാളെ ചാലിയാറിൽ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചത് ഓർമയുണ്ടോ എന്ന് ചോദിച്ചു.2 പതിറ്റാണ്ട് മുൻപ് നടന്ന സംഭവം ഒരു നിമിഷം കൊണ്ട് ഉമ്മൻ ചാണ്ടി ഓർത്തെടുത്ത് ഉണ്ടെന്ന് തലയാട്ടി ചിരിച്ചു. തുടർന്ന്, ആ പയ്യൻ വന്നിട്ടുണ്ടോ എന്നായി ചോദ്യം. ആ പയ്യൻ ഞാനാണ് എന്ന് പറഞ്ഞതോടെ ഉമ്മൻ ചാണ്ടിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. വാത്സല്യപൂർവം വേഗം കയ്യിൽ പിടിച്ച് മുന്നോട്ട് നടന്നുകൊണ്ട് വിവരങ്ങൾ ചോദിച്ചു. കാറിനടുത്തെത്തിയശേഷമാണ് പിടിവിട്ടത്. വീണ്ടും കാണാമെന്ന് പറഞ്ഞാണ് പോയത്. ഉമ്മൻ ചാണ്ടി പിന്നീട് പലവട്ടം വിവിധ പരിപാടികൾക്ക് നിലമ്പൂരിൽ വന്നു.

ജനത്തിരക്ക് കാരണം അടുത്ത് ചെന്ന് കാണാൻ പറ്റിയില്ല. കൂലിപ്പണിക്കാരനാണ് ഗോപിനാഥൻ. ഭാര്യ ദീപ ജനാധിപത്യ മഹിള അസോസിയേഷൻ നിലമ്പൂർ ഏരിയ സെക്രട്ടറിയാണ്. മകൻ അതുൽനാഥൻ 10-ാം ക്ലാസിൽ പഠിക്കുന്നു. തന്റെ ജീവൻ രക്ഷിച്ച ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ നിലമ്പൂരിൽ നിന്ന് ഇന്നലെ രാവിലെ 7ന് ഗോപിനാഥൻ കോട്ടയത്തേക്ക് പുറപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button