അമ്മ ടീച്ചറുടെ പാഠാസൂത്രണം ശില്പശാലകൾക്ക് തവനൂരിൽ തുടക്കം
എടപ്പാൾ: അമ്മ ടീച്ചറുടെ പാഠാസൂത്രണം ശില്പശാലകൾക്ക് തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. പാഠ്യപദ്ധതിയിൽ രക്ഷിതാവിൻ്റെ കടമയും ഇടവും കൃത്യതപ്പെടുത്തി കുട്ടിയുടെ ജ്ഞാനമണ്ഡലം ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. എട്ട് ജി ക്ലാസിലാണ് ഈ തനത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
രക്ഷിതാവും ടീച്ചറും തുല്യപങ്ക് വഹിക്കുമ്പോഴാണ് കുട്ടിയുടെ സമഗ്ര വളർച്ച സാധ്യമാവുന്നത്.
അതിന് ടീച്ചറെ പോലെ തന്നെ രക്ഷിതാവിനെയും ശാക്തീകരിക്കേണ്ടതുണ്ട് എന്ന ചിന്തയിൽ നിന്നാണ് രക്ഷിതാവിൻ്റെ പാഠാസൂത്രണം എന്ന ആശയം രൂപപ്പെടുന്നത്.
ടീച്ചർ ഒരു പാഠം വിനിമയം ചെയ്യുന്നതിന് തയ്യാറാക്കുന്ന പാഠാ സൂത്രണത്തെ പരിചയപ്പെടുത്തുന്നതിനൊപ്പം കുട്ടിയുടെ പഠന പ്രക്രിയയിൽ ഇടപെടുന്നതിനും പ്രക്രിയ സർഗാത്മകമാക്കുന്നതിനും രക്ഷിതാവിന് എന്തെല്ലാം ‘മുന്നൊരുക്കങ്ങൾ നടത്താമെന്നും ആദ്യ ശില്പശാലയിൽ ചർച്ച ചെയ്യപ്പെട്ടു.
ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനും റിസോഴ്സ് പേഴ്സണുമായ ഗിരീഷ് ശില്പശാലക്ക് നേതൃത്വം നൽകി. രക്ഷിതാക്കളായ ശ്രീവിദ്യ, സനൂജ, മനോജ്, പിടിഎ പ്രസിഡൻ്റ് പി വി ശ്രീനിവാസൻ, വികസന സമിതി ചെയർമാൻ കെ ഉണ്ണികൃഷ്ണൻ, പ്രധാനാധ്യാപകൻ എ സി പ്രേംരാജ് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. പാഠാസൂത്രണവുമായി ബന്ധപ്പെട്ട തുടർ ശില്പശാലകൾ നാല് ഘട്ടങ്ങളിലായി സ്കൂളിൽ നടക്കും.