മറവിരോഗവും,സ്മൃതിനാശവും മുളയിലേ നുള്ളിക്കളയാനുള്ള പദ്ധതിയുമായി പൊന്നാനി ഗവ.ആയുർവ്വേദ ആശുപത്രി
April 19, 2023
പൊന്നാനി: ജീവിത ശൈലി രോഗത്തിന്റെ ഭാഗമായി വർദ്ധിച്ചു വരുന്ന മറവിരോഗവും,സ്മൃതിനാശവും മുളയിലേ നുള്ളിക്കളയാനുള്ള പദ്ധതിയുമായി പൊന്നാനി ഗവ.ആയുർവ്വേദ ആശുപത്രി രംഗത്ത്. മറവിരോഗ ലക്ഷണമുള്ളവരെ കണ്ടെത്തി ഇവരെ പൂർണ്ണമായും, മറവിരോഗത്തിൽ നിന്ന് മുക്തമാക്കുന്നതിന് മെമ്മറി ക്ലിനികിന് തുടക്കമായി. എല്ലാ ചെവ്വാഴ്ചകളിലും ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിന് കീഴിൽ ഡോ. ടി.കെ സുബിനയുടെ നേതൃത്വത്തിൽ ഒ.പിയും പ്രവർത്തിക്കും. ഓർമ്മകുറവുണ്ടെന്ന് കണ്ടെത്തുന്നവർക്ക് സൗജന്യ ആയുർവ്വേദ മരുന്നുകളുൾപ്പെടെ നൽകും. അറുപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് മറവിരോഗം പിടിപെടാൻ സാധ്യതയേറെയെന്നതിനാൽ ഇവർക്ക് മുൻഗണന നൽകുകയും ചെയ്യും. മരുന്നുകളേക്കാൾ കരുതലും, സ്നേഹവും ആവശ്യമുള്ള രോഗമായതിനാൽ കൃത്യമായ അനാലിസിസ് നടത്തും.മെമ്മറി ക്ലിനിക്ക് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ജയ്നി അധ്യക്ഷത വഹിച്ചു.ഡോ.സിജിൻ പദ്ധതി വിശദീകരണം നടത്തി.