തകർത്തു തുറക്കുംമുൻപേ…
പൊന്നാനി കർമ പാലത്തിൽ സ്ഥാപിച്ച റിഫ്ലക്ടറുകൾ തകർത്ത നിലയിൽ
പൊന്നാനി: അപകടമൊഴിവാക്കുന്നതിനുള്ള മുന്നറിയിപ്പിനായി പാലത്തിൽ സ്ഥാപിച്ച റിഫ്ലക്ടർ ബോർഡുകൾ ഉദ്ഘാടനത്തിനു മുൻപേ തകർന്ന നിലയിൽ.
ഭാരതപ്പുഴയോരത്തെ കർമ പാലത്തിൽ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനങ്ങളാണ് തകർന്ന നിലയിൽ കാണപ്പെട്ടത്.
പൊന്നാനിയിലെ ഗതാഗത, ടൂറിസം രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്ന കർമ പാലം ഉദ്ഘാടനത്തിനു മുൻപേ സമൂഹവിരുദ്ധരുടെ വിളയാട്ട സ്ഥലമായെന്നാണ് ആക്ഷേപം. അപായസൂചനാ മുന്നറിയിപ്പ് ബോർഡുകളായ മീഡിയം മാർക്കർ, ഹസാർഡ് മാർക്കർ എന്നിവയാണ് നശിപ്പിച്ചത്. പാലത്തിന്റെ കർമ റോഡ് ഭാഗത്തെ 50-ഓളം മീഡിയം മാർക്കറുകളും ഹസാർഡ് മാർക്കറുമാണ് തകർത്തിട്ടുള്ളത്. മീഡിയം മാർക്കറുകളിൽ ചിലത് പൂർണമായും തകർത്തിട്ടുണ്ട്.
പാലത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും ഉദ്ഘാടനം വൈകുന്നതിനാൽ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ കാൽനടക്കാർക്ക് ഇതുവഴി പോകാം. ഒട്ടേറേപേർ ദിവസവും പാലംകടക്കുന്നുണ്ട്. പുഴയോരപാതയായ കർമ വഴിയെത്തുന്നവർക്ക് ഹാർബറിലേക്കെത്താനുള്ള എളുപ്പവഴിയാണിത്.
സാമൂഹികവിരുദ്ധരാണ് ബോർഡുകൾ തകർത്തതിന് പിന്നിലെന്നാണ് സംശയിക്കുന്നത്.