MALAPPURAM

മഞ്ചേരിയിൽ 15 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ പിടിയില്‍

മഞ്ചേരി: ചെങ്ങണ ബൈപാസ് റോഡിൽ ആഡംബര വാഹനത്തിൽ വിൽപനക്കായി കൊണ്ടുവന്ന 15 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ. പാണ്ടിക്കാട് കക്കുളം സ്വദേശി മുഹമ്മദ് മുബഷിർ (28), മഞ്ചേരി തുറക്കൽ വട്ടപ്പാറ സ്വദേശി പൂളക്കുന്നൻ ഷാജഹാൻ (43), എളങ്കൂർ പേലേപ്പുറം സ്വദേശി ശ്രീജിത്ത് (39) എന്നിവരെയാണ് മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കിരിയുടെ നേതൃത്വത്തിൽ മഞ്ചേരി പൊലീസും ജില്ല ആന്റി നാർകോട്ടിക് സ്ക്വാഡും ചേർന്ന് പിടികൂടിയത്.

പിടിച്ചെടുത്ത ലഹരിമരുന്നിന് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തിൽപരം രൂപ വിലവരും. മുഹമ്മദ്‌ മുബഷിറിനെ കഴിഞ്ഞ വർഷം വയനാട്ടിൽ 20 കിലോ കഞ്ചാവ് വാഹനത്തിൽ കടത്തിയതിന് എക്സൈസ് പിടികൂടിയിരുന്നു.

സ്ഥലത്ത് വ്യാപകമായി മാരക ലഹരിവസ്തു വിൽപന നടക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപിന്റെ മേൽനോട്ടത്തിൽ മഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ വി. വിവേക്, ജില്ല ആന്റി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ എം. ഗിരീഷ്, എ.എസ്.ഐ സന്തോഷ്‌, സലീം പൂവത്തി, ദിനേഷ് ഇരുപ്പക്കണ്ടൻ, ആർ. ഷഹേഷ്, കെ.കെ. ജസീർ, കെ. സിറാജുദ്ദീൻ, പി. ഹരിലാൽ, അൽദോസ് വിൻസ്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button