ഗുരുവായൂരിൽ പ്രാദേശിക ദർശനപരിധി 50 കിലോമീറ്ററാക്കണം: ദേവസ്വം ചെയർമാന് നിവേദനം
എടപ്പാൾ: ഗുരുവായൂർ ക്ഷേത്രത്തിൽ നിലവിൽ പ്രാദേശിക നിവാസികൾക്കായി അനുവദിച്ചിട്ടുള്ള പ്രത്യേക ദർശനസൗകര്യത്തിന്റെ പരിധി 10 കിലോമീറ്ററിൽനിന്ന് 50 കിലോമീറ്ററായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി.പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം മാതൃസമിതിയാണ് ഗുരുവായൂർ ദേവസ്വം ചെയർമാന്‍ എ. വി. ഗോപിനാഥന് നിവേദനം സമർപ്പിച്ചത്.പരിധി 50 കിലോമീറ്ററായി ഉയർത്തുന്നതിലൂടെ സമീപപ്രദേശങ്ങളിലെ കൂടുതൽ ഭക്തർക്ക് ഈ പ്രത്യേക ദർശനസൗകര്യത്തിന്റെ പ്രയോജനം ലഭ്യമാകുമെന്ന് സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഈ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ദേവസ്വം ചെയർമാൻ ഉറപ്പുനൽകിയതായും ഭാരവാഹികൾ അറിയിച്ചു.മാതൃസമിതി പ്രസിഡന്റ് മിനി ഗോപിനാഥ്, സെക്രട്ടറി സരസ്വതി ടീച്ചർ, മേൽശാന്തി പി. എം. മനോജ് എംബ്രാന്തിരി, കെ. എം. പരമേശ്വരൻ നമ്പൂതിരി, ടി. പി. കുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.