MALAPPURAM

മഹിളാ ജന്‍ സുന്‍വായി പരാതി പരിഹാര അദാലത്ത്; 25 പരാതികള്‍ തീര്‍പ്പാക്കി.

മലപ്പുറം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള നീതി നിഷേധങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സംഘടിപ്പിച്ച മഹിളാ ജന്‍ സുന്‍വായി പരാതി പരിഹാര അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. ആകെ 110 പരാതികളാണ് അദാലത്തിലേക്ക് ലഭിച്ചത്.ലഭിച്ച പരാതികളില്‍ എട്ട് കേസുകള്‍ തുടര്‍ നടപടികള്‍ക്കായി പൊലീസ് റിപ്പോര്‍ട്ട് തേടി അയച്ചു. രണ്ട് പരാതികള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറുകയും ഒരു കേസില്‍ ജില്ലാ ജാഗ്രത സമിതിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ശേഷിക്കുന്ന 74 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.ഗാര്‍ഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, കുടുംബ പ്രശ്നങ്ങള്‍, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനമായ ഇന്റേണല്‍ കമ്മറ്റി ശരിയായി പ്രവര്‍ത്തിക്കാത്തത്, കമ്മിറ്റികളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അഭാവം തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായും ഉയര്‍ന്നുവന്നു. സാമ്പത്തിക-വസ്തു തര്‍ക്കങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍, അന്ധവിശ്വാസവും അനാചാരങ്ങളും സംബന്ധിച്ച പരാതികളും അദാലത്തില്‍ പരിഗണിച്ചു.അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് ഹാളില്‍ അദാലത്ത് സംഘടിപ്പിച്ചു.സംസ്ഥാന വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, സിവില്‍ ജഡ്ജ് ഷാബിര്‍ ഇബ്രാഹീം, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ശ്രുതി, അഭിഭാഷകരായ സുകൃത, അംബികാ സോണി, സിവില്‍ സ്റ്റേഷന്‍ ജൂനിയര്‍ സൂപ്രണ്ട് സുരേന്ദ്രന്‍, കൗണ്‍സിലര്‍ ശ്രുതി, ജില്ലാ ജാഗ്രത സമിതി അംഗം നുനു ലുജൈന എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button