BREAKING NEWSLATEST NEWS

ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെതിരെയുള്ള ആക്രമണം: പ്രതികളെ മുംബൈയിലെത്തിച്ചത് അതിവിദഗ്ദ്ധമായ നീക്കത്തിലൂടെ

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത കേസിലെ മൂന്ന് പ്രതികളെ രാജസ്ഥാനിലെ കോട്ടയിൽ നിന്ന് മുംബൈയിലെത്തിക്കാൻ പൊലീസ് സ്വീകരിച്ചത് അതീവ ജാഗ്രതയോടെയുള്ള നീക്കങ്ങൾ. യാത്രയ്ക്കിടെ മൂന്ന് ഇന്നോവ കാറുകളും മൂന്ന് വ്യത്യസ്ത വഴികളും ഉപയോഗിച്ച പൊലീസ്, പ്രതികളെ ഒരു വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് കുറഞ്ഞത് നാല് തവണ മാറ്റുകയും ചെയ്തു.ബിഹാർ സ്വദേശിയായ ഹൃതിക് കുമാർ എന്ന റോഷൻ (22), ഹരിയാന സ്വദേശികളായ റെയ്ഹാൻ (18), ഫൂൽ സിങ് (18) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ കോട്ട റെയ്ൽവേ സ്റ്റേഷനിൽ പുനെ–ജയ്പുർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്ന് പിടികൂടിയത്.

ഞായറാഴ്ച മുംബൈയിലെ ജുഹുവിൽ ടൈഗർ ഷ്രോഫിന്‍റെ കാറിന് നേരെ വെടിവയ്പുണ്ടായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ലോറൻസ് ബിഷ്ണോയ് സംഘമാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ആക്രമണത്തിൽ താരം പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർക്കും പരുക്കേറ്റിരുന്നു. നേപ്പാളിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്ന പ്രതികളെ കോട്ട പൊലീസ് മുംബൈ പൊലീസിന് കൈമാറി. തുടർന്ന് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തി.കോട്ടയിൽ നിന്ന് മുംബൈയിലേക്ക് 900 കിലോമീറ്റർ യാത്രചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് വെള്ളയും വെള്ളിനിറത്തിലുള്ളതുമായ രണ്ട് സ്വകാര്യ ഇന്നോവ ക്രിസ്റ്റ കാറുകളിൽ പൊലീസ് സംഘം കോട്ടയിൽ നിന്ന് യാത്ര തിരിച്ചത്.

ഡൽഹി–മുംബൈ എക്സ്പ്രസ് വേ വഴി ഏകദേശം 900 കിലോമീറ്ററായിരുന്നു യാത്ര.തുടക്കത്തിൽ പ്രതികളെ വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയിലായിരുന്നു ഇരുത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ രണ്ടാമത്തെ കാറിലും യാത്ര ചെയ്തു. വൈകിട്ട് 6.45ഓടെ ഗുജറാത്തിലെ ഭറൂച്ചിന് സമീപം വാഹനങ്ങൾ നിർത്തി. തുടർന്ന് പ്രതികളെ വെള്ളിനിറത്തിലുള്ള ഇന്നോവയിലേക്ക് മാറ്റി.പിന്നീട് വെള്ള നിറത്തിലുള്ള ഇന്നോവയുടെ വേഗം മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെയാക്കി. മറ്റേ വാഹനം എക്സ്പ്രസ് വേയിൽ മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗത്തിലാണ് സഞ്ചരിച്ചത്. രാത്രി 9.30ഓടെ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള മറ്റൊരു വെള്ളിനിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയും സംഘത്തോടൊപ്പം ചേർന്നു. സാധാരണ വേഷത്തിലുള്ള ഉദ്യോഗസ്ഥരായിരുന്നു ഈ വാഹനത്തിലുണ്ടായിരുന്നത്.രാത്രി 10.10ഓടെ ഗുജറാത്തിലെ വൽസാദിലുള്ള പെട്രോൾ പമ്പിൽ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഇന്നോവ നിർത്തി. മൂന്ന് വാഹനങ്ങളും ഇവിടെ ഒരുമിച്ചുകൂടി. തുടർന്ന് രാത്രി 10.50ഓടെ സംഘം വാപി കടന്ന് മഹാരാഷ്ട്രയിലേക്ക് പ്രവേശിച്ചു. ഏകദേശം 16 മണിക്കൂർ നീണ്ട യാത്രയ്ക്കുശേഷം ബുധനാഴ്ച പുലർച്ചെ 2.30ഓടെ സംഘം മുംബൈയിലെത്തി. തുടർന്ന് പ്രതികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രയ്ക്കിടെ പ്രതികളെ ഒരു വാഹനത്തിൽനിന്ന് മറ്റൊന്നിലേക്ക് കുറഞ്ഞത് നാല് തവണ മാറ്റിയതായും മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. യാത്രയ്ക്കിടെ ഉദ്യോഗസ്ഥർ പ്രതികളെ ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button