KERALA

3,000 രൂപയ്ക്ക് എംഡിഎംഎ വാങ്ങും; ലഹരി മാഫിയയുടെ കയ്യിൽ 250 കുട്ടികളുടെ പട്ടിക

തൃശൂർ ∙ കയ്പമംഗലത്ത് എംഡിഎംഎയുമായി പിടിയിലായ പ്രതികളിൽനിന്ന് വിദ്യാർഥികളുടെ പട്ടിക എക്സൈസ് കണ്ടെത്തി. പ്രതികൾ എംഡിഎംഎ നൽകാറുള്ള 250 കുട്ടികളുടെ പേരുവിവരങ്ങളാണ് ഇവയെന്ന് എക്സൈസ് അറിയിച്ചു. ചെന്ത്രാപ്പിന്നി സ്വദേശി ‘കേരള ബ്രോ’ എന്നറിയപ്പെടുന്ന ജിനേഷ്, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.

മാരക ലഹരിമരുന്നായ 15.2 ഗ്രാം എംഡിഎംഎയുമായാണ് പ്രതികൾ പിടിയിലായത്. ഇവർ വിദ്യാർഥികൾക്കും മത്സ്യത്തൊഴിലാളികൾക്കും ലഹരി കൈമാറിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. പ്രതികളിൽനിന്നു ലഹരി വാങ്ങിയ കുട്ടികളുടെ പേരും വാങ്ങിയ പണവും വ്യക്തമാക്കുന്ന പട്ടിക കണ്ടെടുത്തു. പല വിദ്യാർഥികളും 3,000 രൂപ വരെ നൽകിയാണ് എംഡിഎംഎ വാങ്ങിയതെന്നാണു വ്യക്തമാകുന്നത്. 

എംഡിഎംഎ വാങ്ങിയ കുട്ടികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് എക്സൈസ് അറിയിച്ചു. പ്രതികൾ വൻതോതിലാണ് എംഡിഎംഎ വിറ്റിരുന്നത്. ലഹരി വിപണനത്തിന് പ്രത്യേകം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്. ലഹരി ഇടപാടിനായി ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. പ്രതികളുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷണം നടത്തുന്ന എക്സൈസ് കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button