MALAPPURAM
‘സിദ്ദിഖിന്റേത് സൗമ്യമായ പെരുമാറ്റം ,ഷിബിലി സ്ഥിരം മദ്യപാനി’; കൊലപാതകം വിശ്വസിക്കാനാകാതെ ഹോട്ടൽ ജീവനക്കാർ
കോഴിക്കോട് ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതകം വിശ്വസിക്കാനാകാതെ ഹോട്ടൽ ജീവനക്കാർ. എല്ലാവരോടും സൗമ്യനായി പെരുമാറുന്ന വ്യക്തിത്വമാണ് സിദ്ദിഖിന്റേത് ജീവനക്കാർ പറയുന്നു. കൊല്ലപ്പെട്ടത് അറിയാതെ ഇന്നലെ രാത്രി 12 മണി വരെ ഹോട്ടൽ തുറന്നിരുന്നുവെന്നും ഷിബിലിയെ ഹോട്ടലിലേക്ക് കൊണ്ടുവന്ന സിദ്ദിഖിന്റെ സുഹൃത്ത് ആരെന്നറിയില്ലെന്നും ജീവനക്കാർ പറഞ്ഞു. ഷിബിലിയുടേത് മോശം സ്വഭാവം ആയിരുന്നു സ്ഥിരം മദ്യപാനിയായിരുന്നുവെന്നും കൂടെ ജോലി ചെയ്യുന്ന യൂസുഫ് 24 ഫോറിനോട് പറഞ്ഞു.
ഈ മാസം 18നാണ് സിദ്ദിഖ് അവസാനമായി കടയിൽ വന്നത്. അന്ന് ഉച്ചയോടെ ഷിബിലിയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. വ്യാഴാഴ്ച ആദ്യം ഷിബിലിയാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയത്. ഒരു മണിക്കൂറിന് ശേഷം സിദ്ദിഖും ഹോട്ടലിൽ നിന്ന് ഇറങ്ങിയെന്നും ജീവനക്കാർ പറഞ്ഞു.
അതേസമയം ഹോട്ടൽ ഉടമ സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയ സംഭവത്തിൽ മൂന്നു പേർ പൊലീസ് കസ്റ്റഡിയിലായി. സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫർഹാന, ചിക്കു എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽവച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ രണ്ടു പെട്ടികളിൽ കൊല്ലപ്പെട്ട കോഴിക്കോട് ഹോട്ടൽ ഉടമ സിദ്ദിഖിന്‍റെ മൃതദേഹമാണെന്നാണ് സംശയം. ഒപന്‍പതാം വളവിലാണ് രണ്ടു ട്രോളി ബാഗുകള്‍ കണ്ടെത്തിയത്.
ദിവസങ്ങളായി ഫോണിൽ കിട്ടാത്തത്തോടെയാണ് പൊലീസിൽ പരാതി നൽകിയതെന്ന് സിദ്ദിഖിന്റെ സഹോദരൻ പറഞ്ഞു. ഷിബിലിയെ പിരിച്ചുവിട്ട ദിവസമാണ് സിദ്ദീഖിനെ കാണാതായതെന്നും അദ്ദേഹം പറഞ്ഞു. കൊല നടത്തിയ കോഴിക്കോട്ടെ ഹോട്ടലില്‍ പ്രതികള്‍ രണ്ടു റൂമുകള്‍ ബുക്ക് ചെയ്തിരുന്നു. ഒന്നാംനിലയിലെ 3,4 നമ്പര്‍ റൂമുകളാണ് ബുക്ക് ചെയ്തത്.