AccidentBREAKING NEWSKERALAThiruvananthapuram

സംസ്ഥാനത്ത് 10 വർഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 1,919 പേർ; 164 പേർ കെഎസ്ഇബി ജീവനക്കാർ

തിരുവനന്തപുരം :കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ വൈദ്യുതാഘാതമേറ്റ് പൊലിഞ്ഞത് 1,919 മനുഷ്യജീവനുകളെന്ന് വിവരാവകാശ രേഖ. 2016 ഏപ്രിൽ ഒന്നു മുതൽ 2026 ജൂൺ 30 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കെഎസ്ഇബി ചീഫ് സേഫ്റ്റി കമ്മീഷണറുടെ ഓഫീസിൽ നിന്ന് ലഭിച്ച ആർടിഐ മറുപടിയിലാണ് വിവരങ്ങളുള്ളത്. കെഎസ്ഇബിയുടെ ഇലക്ട്രിക് പോസ്റ്റുകൾ, ലൈനുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവയിൽ നിന്നുള്ള അപകടങ്ങളിൽ മാത്രം 895 പൊതുജനങ്ങൾക്കാണ് ജീവൻ നഷ്ടമായത്. ബോർഡിന്റെ 65 സ്ഥിരം ജീവനക്കാരും 99 കരാർ ജീവനക്കാരും ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരണപ്പെട്ടു. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ, വയറിങ്ങ് തകരാറുകൾ എന്നിവയിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ്. 1,030 പേരാണ് ഇതിലൂടെ മരണപ്പെട്ടത്. കാട്ടുപന്നിയെയും മറ്റും തടയാൻ സ്ഥാപിക്കുന്ന അനധികൃത വൈദ്യുതി വേലികളിൽ നിന്ന് ഷോക്കേറ്റ് 10 വർഷത്തിനിടെ 84 പേർക്ക് ജീവൻ നഷ്ടമായി. കൂടാതെ, 498 മൃഗങ്ങളും ഇത്തരത്തിൽ ഷോക്കേറ്റ് ചത്തതായി രേഖകളിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈദ്യുത അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. ഇവിടെ 10 വർഷത്തിനിടെ 1,605 അപകടങ്ങളിലായി 19 സ്ഥിരം ജീവനക്കാർക്കും 28 കരാർ ജീവനക്കാർക്കും 233 പൊതുജനങ്ങൾക്കും ജീവൻ നഷ്ടപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button