PUBLIC INFORMATION

വോട്ടെടുപ്പ് തുടങ്ങി മിനിറ്റുകള്‍ക്കകം പലയിടത്തും മെഷീൻ തകരാര്‍: മലപ്പുറത്തും കോഴിക്കോട്ടും വോട്ടിങ് തടസ്സപ്പെട്ടു

ആദ്യ ഒന്നരമണിക്കൂറിൽ എട്ടു ശതമാനം പോളിംഗ് രേഖപ്പെടുത്തി

മലപ്പുറം തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വിവിധ ബൂത്തുകളില്‍ വോട്ടിങ് മെഷീനുകള്‍ തകരാറിലായത് വോട്ടെടുപ്പിനെ താളംതെറ്റിച്ചു.

മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പ്രധാനമായി മെഷീൻ തകരാറുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിലെ 21-ാം വാർഡിലെ 2-ാം ബൂത്തില്‍ വോട്ടിങ് മെഷീൻ തകരാറിലായി. ചേലേമ്പ്ര പാറയില്‍ മൻഹജ് റഷാദ് കോളേജിലാണ് സംഭവം. വോട്ടെടുപ്പ് ആരംഭിച്ച ശേഷം രണ്ട് വോട്ടുകള്‍ മാത്രം രേഖപ്പെടുത്തിയപ്പോഴാണ് മെഷീൻ പ്രവർത്തനരഹിതമായത്. മെഷീൻ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടൻ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

കോഴിക്കോട് ജില്ലയിലും മെഷീൻ തകരാറ് കാരണം പോളിങ് നടപടികള്‍ വൈകി. വടകര ചോറോട് പഞ്ചായത്തിലെ 23-ാം വാർഡ്, ബൂത്ത്‌ നമ്ബർ 1ല്‍ വോട്ടിങ് മെഷീന് തകരാർ സംഭവിച്ചതിനാല്‍ രാവിലെ പോളിങ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തേണ്ട മോക്ക് പോളിങ് പോലും നടത്താൻ സാധിച്ചില്ല.

പുതിയ മെഷീനുകള്‍ ബൂത്തുകളില്‍ എത്തിച്ച ശേഷം മാത്രമേ ഈ കേന്ദ്രങ്ങളില്‍ വോട്ടെടുപ്പ് പുനരാരംഭിക്കാൻ സാധിക്കൂ. മെഷീൻ തകരാറുകള്‍ കാരണം രാവിലെ വോട്ട് രേഖപ്പെടുത്താനെത്തിയ വോട്ടർമാർക്ക് കാത്തുനില്‍ക്കേണ്ടി വന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button