EDAPPALLocal newsTHAVANUR

വൈദ്യുതിയും വെള്ളവും എത്തിയില്ല; സെൻട്രൽ ജയിൽ പദ്ധതി സാമ്പത്തിക പ്രയാസത്തെ തുടർന്ന് ‘തടവിൽ’

തവനൂർ: സംസ്ഥാന സർക്കാർ നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിൽ പദ്ധതി സാമ്പത്തിക പ്രയാസത്തെ തുടർന്ന് ഇഴഞ്ഞുനീങ്ങുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഉദ്ഘാടനം ചെയ്യാൻ ആലോചിച്ചിരുന്ന തവനൂർ സെൻട്രൽ ജയിൽ സമുച്ചയത്തിൽ ഇനിയും ശുദ്ധജലവും വൈദ്യുതിയും എത്തിയിട്ടില്ല. ജയിലിലേക്കുള്ള പാതയും തയാറായിട്ടില്ല. 30 കോടിയോളം രൂപ ചെലവിട്ട് തവനൂർ കൂരടയിലെ 8 ഏക്കർ ഭൂമിയിൽ‍ സ്ഥാപിച്ച ജയിൽ സമുച്ചയത്തിലാണ് ഇനിയും അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങാത്തത്. സൂപ്രണ്ടിനെയും 5 ഉദ്യോഗസ്ഥരെയും നിയമിച്ചെങ്കിലും ജയിലിൽ വൈദ്യുതിയും വെള്ളവും എത്താൻ വൈകുമെന്നാണ് സൂചന.

രണ്ടായിരത്തോളം അന്തേവാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന ജയിൽ സമുച്ചയത്തിന് ആവശ്യമായ ശുദ്ധജലം ഭാരതപ്പുഴയിൽ നിന്ന് എത്തിക്കാനാണ് നീക്കം. ഇതിനായി 2 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി പണം ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടു മാസങ്ങളായി. മിനിപമ്പയിൽ കിണർ നിർമിച്ച് ദേശീയപാതയ്ക്ക് അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ചു വേണം കൂരട കുന്നിനു മുകളിലെ ജയിൽ വളപ്പിലേക്ക് വെള്ളമെത്തിക്കാൻ. ഈ ജോലികൾ പൂർത്തിയാകാൻ മാസങ്ങളെടുക്കും. ഇതിനുപുറമെ പുഴയിലെ വെളളം ശുദ്ധീകരിക്കാൻ പ്രത്യേകം പ്ലാന്റും നിർമിക്കണം. ഇതിന് ആവശ്യമായ ഫണ്ട് ലഭ്യമായിട്ടില്ലെന്നും പറയുന്നു.

പഴയ ദേശീയപാതയിൽ നിന്ന് ജയിൽ കവാടം വരെ ടാർ ചെയ്യാൻ ജയിൽ വകുപ്പ് സ്ഥലം എംഎൽഎയായ കെ.ടി.ജലീലിനെ കണ്ട് നിവേദനം നൽകിയിരിക്കുകയാണ്. ഇതിനുള്ള നടപടിയും ആരംഭിച്ചിട്ടില്ല. നേരത്തെ 2 ഘട്ടങ്ങളിലായാണ് തവനൂർ ജയിലിന്റെ നിർമാണം കരാർ നൽകിയത്. രണ്ടാംഘട്ടത്തിന്റെ ജോലികൾ അവസാന ഘട്ടത്തിലാണെങ്കിലും ഇഴഞ്ഞു നീങ്ങുകയാണ്. വൈദ്യുതീകരണം പൂർത്തിയായെങ്കിലും വൈദ്യുതി കണക്‌ഷൻ ലഭിച്ചിട്ടില്ല. ജയിലിലേക്ക് ആവശ്യമായ അടിസ്ഥാന സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്. നിലവിൽ പല കാര്യങ്ങൾക്കും ഫണ്ട് ലഭ്യമാകാത്തതാണ് ഉദ്ഘാടനം നീണ്ടുപോകാൻ കാരണമെന്ന് പറയുന്നു. ജയിൽ ഉദ്യോഗസ്ഥർക്കുള്ള താമസസ്ഥലവും ഒരുങ്ങിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button