MALAPPURAM

വീട്ടുമുറ്റം നിറയെ വിദേശ പഴങ്ങളുടെ പറുദീസയുമായി മലപ്പുറം സ്വദേശി ഷംസുദ്ധീൻ

മലപ്പുറം: വീട്ടുമുറ്റം നിറയെ വിദേശ പഴങ്ങളുടെ പറുദീസ. ഏതൊരു മനുഷ്യനും കണ്ണിന് കുളിര്‍മയേകുന്ന ഈ കാഴ്ച കണ്ടു മടങ്ങുമ്പോള്‍ വിദേശയിനം പഴങ്ങളും വാങ്ങിയാണ് ഓരോരുത്തരും വീട്ടിലേക്ക് പോകുന്നത്. കോട്ടക്കല്‍ സ്വദേശിയും മുന്‍ പ്രവാസിയുമായ ചങ്ങരംചോല ഷംസുദ്ദീനാണ് തന്റെ വീടിന്റെ മുറ്റം നിറയെ വിദേശ പഴവര്‍ഗങ്ങള്‍ കൊണ്ട് മനോഹരമായിരിക്കുകയാണ്. 28 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ശേഖരിച്ച വിത്തുകളാണ് ഷംസുദീന്റെ വീട് ഇപ്പോള്‍ വിദേശയിനം പഴവര്‍ഗ്ഗങ്ങളുടെ പറുദീസയായി മാറിയത്.

കേട്ടുകേള്‍വി പോലും ഇല്ലാത്ത നിരവധി ഇനം പഴവര്‍ഗ്ഗങ്ങളാണ് ഇവിടെയുള്ളത്. ഷംസുദ്ദീന്റെ വീട്ടുമുറ്റത്തെ റംബൂട്ടാനും മറ്റു വിദേശപഴങ്ങളും കാണാനും കൃഷി രീതി പഠിക്കാനും പ്രതിദിനം നിരവധി പേരാണ് ഇവിടെ എത്തുന്നത്. പൂര്‍ണമായി ജൈവവളം ഉപയോഗിച്ച് ഉണ്ടാക്കുന്ന പഴവര്‍ഗങ്ങള്‍ ആയതുകൊണ്ടുതന്നെ നാട്ടിലും വിദേശത്തും ഷംസുദീന്റെ പഴവര്‍ഗ്ഗങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
നാല്‍പതോളം തരത്തിലുള്ള ജബോട്ടിക്ക, അറുപതോളം ഇനത്തില്‍പ്പെടുന്ന ഡ്രാഗണ്‍ ഫ്രൂട്ട് വിവിധ തരത്തിലുള്ള റമ്പൂട്ടാന്‍, മാമ്പഴം മാങ്കോസ്റ്റീന്‍ ഉള്‍പ്പെടെയുള്ള വിവിധ ഇനം കായ് കനികളാണ് ഷംസുദീന്റെ വീട്ടുമുറ്റത്ത് കാണാന്‍ കഴിയുന്നത്.

ഇതിനു പുറമേ വീടിനെ മനോഹരമാക്കാന്‍ വിവിധ തരത്തിലുള്ള നിരവധി ചെടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ കൊവിഡ് കാലം മുതല്‍ വീട്ടാവശ്യത്തിന് പുറമെ ഷംസുദീന്‍ റംബൂട്ടാന്‍ പുറത്ത് വില്‍ക്കുന്നുമുണ്ട്. മികച്ച പരിപാലനം നല്‍കിയാല്‍ ഏതു വീട്ടുമുറ്റത്തും ഇതെല്ലാം ഉണ്ടാകുമെന്ന് കര്‍ഷകനായ ഷംസുദ്ദീന്‍ പറയുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യങ്ങളും തനിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കൃഷിഭവനില്‍ നിന്നും മറ്റും മികച്ച സഹായങ്ങളാണ് ലഭിക്കുന്നതെന്നും ഷംസുദ്ദീന്‍ പറഞ്ഞു. സന്ദര്‍ശകരുടെ എണ്ണം കൂടിയതോടെ സി എച്ച്എസ് ട്രോപ്പിക്കല്‍ ഫ്രൂട്ട് ഫാം എന്ന പേര് നല്‍കി ചെറിയ രീതിയിലുള്ള സംരംഭത്തിനും ഷംസുദ്ദീന്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് പഴങ്ങള്‍ വാങ്ങാനും ചെടികള്‍ കൊണ്ടുപോകാനുമായി ഇവിടെ എത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button