വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം
കോട്ടക്കൽ: വീട്ടിലെ പോർച്ചിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. കോട്ടക്കൽ ഈസ്റ്റ് വില്ലൂരിലാണ് സംഭവം.ഈസ്റ്റ് വില്ലൂരിലെ പുന്നംപറമ്പ് റോഡിലെ നെടുമ്പള്ളി യൂസഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്കാണ് തീ പിടിച്ചത്.
അപകടത്തിൽ ഇലക്ട്രിക് സ്കൂട്ടർ പൂർണ്ണമായും സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ ഭാഗികമായും കത്തിനശിച്ചു. കൂടെ വീടിനും നിസ്സാര കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ചാർജിങ്ങിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. എന്നാൽ, വിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പരിശോധനയ്ക്ക് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി.വീടിന്റെ പോർച്ചിൽ വെച്ച് ചാർജ് ചെയ്യുന്നതിനിടെയാണ് അപകടം.
പൊട്ടിത്തെറിയുണ്ടാവുകയും തീ തൊട്ടടുത്തുണ്ടായിരുന്ന വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നു. ശബ്ദവും പുകയും കണ്ട ഉടൻ നാട്ടുകാരും സമീപവാസികളും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചതിനാലാണ് തീ വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ വലിയ ദുരന്തം ഒഴിവായത്. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഒന്നും ഉണ്ടായിട്ടില്ല.