എം.ടി.എം വിദ്യാർഥികളുടെ ‘കൈത്താങ്ങ്’; ഓണക്കിറ്റ് വിതരണത്തിന് തുടക്കമായി
വെളിയങ്കോട്: ‘വിശപ്പില്ലാത്ത ഓണത്തിനായി ഒരു സ്നേഹക്കൂട്ടായ്മ’ എന്ന ലക്ഷ്യത്തോടെ വെളിയങ്കോട് എം.ടി.എം കോളേജ് വിദ്യാർഥികൾ നടപ്പിലാക്കുന്ന ‘കൈത്താങ്ങ്’ പദ്ധതിയുടെ ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിന് തുടക്കമായി. കോളേജിലെ സോഷ്യോളജി വിഭാഗത്തിന്റെയും എസ്.ഐ.പി (SIP) യുടെയും സംയുക്താഭിമുഖ്യത്തിൽ അർഹരായവരിലേക്ക് ഭക്ഷണക്കിറ്റ് എത്തിക്കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ നിർവഹിച്ചു.”ആരും വിശന്നിരിക്കരുത്, എല്ലാവരുടെയും വീടുകളിൽ ഓണത്തിന്റെ സന്തോഷവും സമൃദ്ധിയും തുല്യമായി എത്തിയേ തീരൂ എന്ന വലിയ കരുതലാണിത്.
പരസ്പരം താങ്ങാവാനും ചേർത്തുപിടിക്കാനും മതേതരത്വത്തിന്റെ ഈ മഹത്തായ ഉത്സവ നാളുകളിൽ നമുക്കൊരുമിക്കാം”- ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ വിദ്യാർഥികൾ തന്നെ മുന്നോട്ട് വരുന്നത് വലിയ മാതൃകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.ചടങ്ങിൽ എം.ടി.എം കോളേജ് പ്രിൻസിപ്പൽ ഡോ. രജത് കെ. അധ്യക്ഷത വഹിച്ചു. ആദ്യ കിറ്റുകൾ പ്രിൻസിപ്പലിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. മാനേജ്മെന്റ് സ്റ്റഡീസ് മേധാവി സതീഷ് കുമാർ, അധ്യാപകരായ നന്ദകുമാർ സി.പി, ആര്യ പി.എസ്, റസീന പി.എം, അഷിത, സ്റ്റുഡന്റ് കോർഡിനേറ്റർ റിൻഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോളേജ് പി.ആർ.ഒ ഫൈസൽ ബാവ സ്വാഗതവും സോഷ്യോളജി വിഭാഗം മേധാവി അബ്ദുൽ വാസിഹ് നന്ദിയും പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി നിർധനരായ കുടുംബങ്ങൾക്കായി വിദ്യാർഥികളുടെ നേതൃത്വത്തിൽ ‘കൈത്താങ്ങ്’ പദ്ധതി വഴി ഭക്ഷണക്കിറ്റുകൾ നൽകി വരുന്നുണ്ട്.