വര്ഷങ്ങള്ക്കു ശേഷം കേരളത്തിൽ വീണ്ടും തുടർഭരണം
കേരളം എല്‍ഡിഎഫിന് ഉറപ്പായി. നാല്‍പതു വര്‍ഷത്തെ ചരിത്രം തിരുത്തി കുറിച്ച് പിണറായി വിജയന്‍ .കേരളത്തിലുടനീളം ഇടതു തരംഗം. യുഡിഎഫ് കോട്ടകളില്‍ കിതപ്പിന്റെ അപസ്വരം. 140 സീറ്റുകളില്‍ 100 സീറ്റുകള്‍ ഉറപ്പിച്ചാണ് എല്‍ഡിഎഫ് അധികാരത്തിലേക്കെത്തുന്നത്. 2016 ലെ സീറ്റുകള്‍ പോലും നിലനിര്‍ത്താനാവാതെ യുഡിഎഫ്. സംപൂജ്യരായി എന്‍ഡിഎ.
????ഇടതു തരംഗത്തിലും പരാജയത്തിന്റെ രുചിയറിഞ്ഞ് ഇടതുമുന്നണിയുടെ ഘടകക്ഷിനേതാക്കള്‍. കേരളാ കോണ്‍ഗ്രസിന്റെ ജോസ് കെ മാണി മാണി സി കാപ്പനോട് ദയനീയമായി തോറ്റതാണ് ഇടതുമുന്നണി നേതാക്കളില്‍ തോറ്റ പ്രമുഖന്‍. കല്‍പ്പറ്റയിലെ എം.വി .ശ്രയംസ്‌കുമാറിന് ടി.സിദ്ദീഖിനോടേറ്റതാണ് മറ്റൊരു പ്രധാന തോല്‍വി. തുടര്‍ച്ചയായി 13 തവണ നിയമസഭാംഗമായിരുന്ന കെ.എം.മാണിയുടെ മകനും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ ജോസ് കെ മാണിക്ക് പാലായില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി. രണ്ടു തവണയും മാണി.സി.കാപ്പാനാണ് ജോസ് കെ.മാണിയെ തോല്‍പ്പിച്ചത്.
????രക്തസാക്ഷികളുടെ ചരിത്രം പറയുന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍ ടി.പി. ചന്ദ്രശേഖരന്‍ എന്ന ആര്‍.എം.പി. പ്രവര്‍ത്തകന്‍ വെട്ടിനുറുക്കപ്പെട്ടിട്ട് ഒമ്പത് വര്‍ഷം പിന്നിടുമ്പോഴാണ് മറ്റൊരു ചരിത്രത്തിന് കൂടെ വടകര സാക്ഷിയാകുന്നത്. ഇടതിനെയല്ലാതെ നാളിതുവരെ സ്വീകരിച്ചിട്ടില്ലാത്ത വടകര കെ.കെ. രമയിലൂടേയും ആര്‍.എം.പിയിലൂടേയും യു.ഡി.എഫിന് വഴി തുറന്നിരിക്കുന്നു. ടി.പി.ചന്ദ്രശേഖരനെ വധിച്ചവരോടുള്ള പകരം വീട്ടലായാണ് കെ.കെ.രമ ഈ വിജയത്തെ കാണുന്നത്.
????നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെഴുതിയ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന്‍. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതി, സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും വി.എസ്.
????പുതുപ്പള്ളിയില്‍ 50 വര്‍ഷം തുടര്‍ച്ചയായി എം.എല്‍.എ. ആയ ഉമ്മന്‍ ചാണ്ടിയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ജെയ്ക്ക് സി തോമസ്. വിജയിക്കാനായെങ്കിലും 7426 വോട്ടിന്റെ ഭൂരിപക്ഷമേ ഉമ്മന്‍ ചാണ്ടിയ്ക്ക് നേടാനായുള്ളു 2016-ലെ തിരഞ്ഞെടുപ്പില്‍ 27,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി വിജയിച്ചത്.
????ബിജെപിയുടെ മാനം കാക്കാന്‍ മെട്രോമേനും സുരേഷ് ഗോപിക്കും സാധിച്ചില്ല. ബിജെപിയുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ച തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഒടുവില്‍ കേരളത്തില്‍ ബിജെപിയുടെ മാനം കാക്കാന്‍ ഈയടുത്ത കാലത്ത് മാത്രം ബിജെപിയില്‍ വന്ന് പാലക്കാട് നിന്ന് മത്സരിച്ച മെട്രോമേന്‍ ഇ.ശ്രീധരനും തൃശൂരില്‍ മത്സരിച്ച സുരേഷ്ഗോപിയും അവസാന റൗണ്ട് വരെ പ്രതീക്ഷയുണര്‍ത്തിയെങ്കിലും ബിജെപിയുടെ മാനം കാക്കാന്‍ അവര്‍ക്കും സാധിച്ചില്ല. 2016 ല്‍ ബിജെപിക്കു വേണ്ടി ഒ.രാജഗോപാല്‍ ആദ്യമായി പിടിച്ചടക്കിയ നേമം സീറ്റു പോലും നഷ്ടപ്പെട്ടതാണ് ബിജെപിക്ക് ഏറെ തിരിച്ചടിയാവുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചിട്ടും ഒരിടത്തും വിജയിച്ചില്ല. ഏറെ പ്രതീക്ഷയോടെ കഴക്കൂട്ടത്ത് മത്സരിച്ച ശോഭാ സുരേന്ദ്രനും പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ചവെച്ചില്ല. സിറ്റിംഗ് സീറ്റായ നേമം നിലനിര്‍ത്താനാകാഞ്ഞതും പ്രതീക്ഷിച്ച പ്രകടനം സംസ്ഥാനത്തുടനീളം കാഴ്ചവെക്കാനാകാഞ്ഞതും വരും ദിവസങ്ങളില്‍ ബിജെപിയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.
????താനൂരില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് തോല്‍വി. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ വി അബ്ദുറഹിമാനാണ് 700 വോട്ടുകള്‍ക്ക് പി കെ ഫിറോസിനെ തോല്‍പ്പിച്ചത്. മണ്ഡലം പിടിച്ചെടുക്കാനാണ് ലീഗ് നേതൃത്വം താനൂരില്‍ പികെ ഫിറോസിനെ രംഗത്തിറക്കിയത്. എന്നാല്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ എല്ലാം കാറ്റില്‍ പറത്തി യുവനേതാവിനെ തോല്‍പ്പിച്ച് എല്‍ഡിഎഫ് താനൂര്‍ നിലനിര്‍ത്തുകയായിരുന്നു.
????താരപരിവേഷത്തിലും ചുവപ്പ് മാറാതെ ബാലുശ്ശേരി. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിക്കാനെത്തിയതോടെ മണ്ഡലത്തന് താരപരിവേഷം ലഭിച്ചെങ്കിലും ബാലുശ്ശേരിയുടെ ചുവപ്പ് മാറ്റാന്‍ ധര്‍മജനും സാധിച്ചില്ല. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് എം.എല്‍.എ. സ്ഥാനത്തേക്ക് മത്സരിക്കാനെത്തിയ സച്ചിന്‍ ദേവെന്ന യുവ നേതാവിന് ഇത്തവണ ബാലുശ്ശേരി ആധികാരിക വിജയം സമ്മാനിച്ചു.
????പി.സി. ജോര്‍ജ്ജിനെ ഒടുവില്‍ പൂഞ്ഞാര്‍ കൈവിട്ടു. വോട്ടെണ്ണല്‍ പൂര്‍ത്തിയാപ്പോള്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് വിജയം. സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി.സി. ജോര്‍ജ്ജും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ടോമി കല്ലാനിയും വാശിയേറിയ മത്സരം കാഴ്ചവെച്ച മണ്ഡലമാണ് പൂഞ്ഞാര്‍. 40 വര്‍ഷമായി പൂഞ്ഞാറിലെ എം.എല്‍.എ .ആണ് പി.സി. ജോര്‍ജ്ജ്.
????മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനിയുടെ ഭൂരിപക്ഷം അരലക്ഷത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 40,187 വോട്ടിനാണ് സമദാനി മുന്നില്‍ നില്‍ക്കുന്നത്. സിപിഎമ്മിലെ വിപി സാനുവാണ് സമദാനിയുടെ എതിരാളി.
????രാജ്യം ഉറ്റുനോക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം. ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെന്നാണ് ആദ്യഘട്ടത്തിലെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. അതേസമയം, എന്‍.ഡി.എ. സ്ഥാനാര്‍തി സുവേന്ദു അധികാരിക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ മൂവായിരത്തോളം വോട്ടുകള്‍ക്ക് പിന്നിട്ടുനില്‍ക്കുകയാണ്. ആകെയുള്ള 292 സീറ്റുകളില്‍ 204 ഇടത്ത് ടി.എം.സി. ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പി. 84 ഇടത്തും മുന്നേറുന്നു.
????എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് തമിഴ്നാട്ടില്‍ ഡിഎംകെ യുടെ തേരോട്ടം. 150 ന് മുകളില്‍ സീറ്റുകള്‍ നേടിയാണ് സ്റ്റാലിന്‍ നേതൃത്വം കൊടുക്കുന്ന ഡിഎംകെ അധികാരത്തിലേക്കെത്തുന്നത്.
????അസമില്‍ എന്‍ഡിഎ തുടരും . എണ്‍പതിനടുത്ത് സീറ്റുകള്‍ നേടിയാണ് അസമില്‍ എന്‍ഡിഎ തുടരുന്നത്.
????പുതുച്ചേരിയില്‍ ആകെയുള്ള 30 മണ്ഡലങ്ങളിലെ 17 സീറ്റുകളിലെ ഫലസൂചന വന്നു കഴിഞ്ഞു. എന്‍.ആര്‍.സി. 12 സീറ്റിലും കോണ്‍ഗ്രസ്സ് അഞ്ച് സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.
????റീട്ടെയ്ല്‍ വ്യാപാരികള്‍ക്ക് മര്‍ച്ചന്റ് സ്റ്റാക്ക് എന്ന പേരില്‍ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. ഡിജിറ്റല്‍ ബാങ്കിങ്ങിനൊപ്പം മൂല്യവര്‍ധിത സേവനങ്ങളും ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം, പലചരക്ക് വ്യാപാരികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വലിയ റീട്ടെയ്ല്‍ സ്റ്റോര്‍ ശൃംഖലകള്‍, ഓണ്‍ലൈന്‍ ബിസിനസുകള്‍, ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ എന്നിവയെ അവരുടെ ബാങ്കിങ് ആവശ്യകതകള്‍ പരിധികളില്ലാതെ നിറവേറ്റാനും, ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത സേവനം ലഭ്യമാക്കാനും സഹായിക്കും. ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാതെ തന്നെ വിവിധ സേവനങ്ങള്‍ വ്യാപാരികള്‍ക്ക് പ്രയോജനപ്പെടുത്താം. ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാബിസ് വഴി ഈ സൗകര്യങ്ങള്‍ നേടാനാകും.
????കോവിഡ് ലോക്ഡൗണുകളില്‍ ഭക്ഷ്യ വിതരണം വര്‍ധിച്ചതോടെ 1.11 ബില്യണ്‍ ഡോളറിന്റെ ഐപിഒ ഫയല്‍ ചെയ്ത് സൊമാറ്റോ. പബ്ലിക് ലിസ്റ്റിംഗിലൂടെ 8,250 കോടി രൂപ (ഏകദേശം 1.1 ബില്യണ്‍ ഡോളര്‍) നേടാന്‍ ഉദ്ദേശിക്കുന്നതായി സൊമാറ്റോ അറിയിച്ചു. ഇതില്‍ 7,500 കോടി രൂപ (ഏകദേശം 1 ബില്യണ്‍ ഡോളര്‍) ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യുവിലൂടെ ആയിരിക്കും. ബാക്കി 750 കോടി രൂപ നിലവിലുള്ള നിക്ഷേപകരായ ഇന്‍ഫോ എഡ്ജ് ഓഫര്‍ സെയില്‍ വഴി സമാഹരിക്കും.
????സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ബിഗ് സ്‌ക്രീനില്‍ ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണ് ‘പാപ്പന്‍’. ഏറെക്കാലത്തിനു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോഷിയാണ്. ‘സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിലുള്ള തന്റെയും മകന്റെയും ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. ‘മാത്യൂസ് പാപ്പന്‍ ഐപിഎസ്’ എന്ന എബ്രഹാം മാത്തന്‍ ആയാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. മൈക്കിള്‍ എന്നാണ് ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
????കോവിഡ് ദുരിതത്തിലായവര്‍ക്ക് വേണ്ടി നിരവധി സഹായ പ്രവൃത്തികള്‍ ചെയ്തിട്ടുളള ബോളിവുഡ് താരമാണ് സോനു സൂദ്. കഴിഞ്ഞ കോവിഡ് കാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ നാട്ടിലെത്താന്‍ സോനു സഹായിച്ചിരുന്നു. ഇപ്പോഴിതാ ‘ഡാന്‍സ് ദീവാനേ’ എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായെത്തി മത്സരാര്‍ത്ഥികളിലൊരാളുടെ ഗ്രാമത്തിലെ മുഴുവനാളുകളുടെയും ഭക്ഷണ ചെലവുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോനു. മധ്യപ്രദേശിലെ നീമുച് എന്ന ഗ്രാമത്തില്‍ നിന്നുള്ള ഉദയ് സിങ് എന്ന മത്സരാര്‍ഥിയാണ് ലോക് ഡൗണിനെത്തുടര്‍ന്ന് തന്റെ ഗ്രാമീണര്‍ ഭക്ഷണത്തിന് പോലും പാടുപെടുന്ന കാര്യം വിശദീകരിച്ചത്. ലോക് ഡൗണ്‍ അവസാനിച്ച് കാര്യങ്ങള്‍ സാധാരണഗതിയിലാകുന്നത് വരെ മുഴുവന്‍ ഗ്രാമത്തിന്റെയും ഭക്ഷണത്തിന്റെ ചെലവുകള്‍ താന്‍ വഹിക്കാമെന്ന് ഉടനെ തന്നെ നടന്‍ അറിയിക്കുകയായിരുന്നു.
????ആഡംബര പ്രീമിയം സെഡാനായ 7 സീരീസിന്റെ സ്പെഷ്യല്‍ എഡിഷന്‍ മോഡലിനെ അവതരിപ്പിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. 2021 ഷാങ്ഹായി ഓട്ടോ ഷോയിലാണ് വാഹനത്തിന്റെ അവതരണം. പുതിയ കളര്‍ ഓപ്ഷനിലാണ് വാഹനം എത്തുന്നത്. കശ്മീര്‍ സില്‍വര്‍ മെറ്റാലിക്കും അവെന്‍ചുറൈന്‍ റെഡ് മെറ്റാലിക്കും സമന്വയിപ്പിച്ചിരിക്കുന്ന ഈ കളര്‍ ഓപ്ഷന്‍ തന്നെയാണ് വാഹനത്തിന്റെ മുഖ്യ സവിശേഷതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡലിന്റെ വെറും 25 യൂണിറ്റുകള്‍ മാത്രമേ കമ്പനി നിര്‍മ്മിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
????നാടക രംഗത്ത് സവിശേഷമായ സ്ഥാനം നേടിയെടുത്ത പ്രശാന്ത് നാരായണന്റെ അരങ്ങിനെ സംബന്ധിച്ചുള്ള ആധികാരിക പഠന ഗ്രന്ഥം. ‘നാടക ടിക്കറ്റ്’. പ്രശാന്ത് നാരായണന്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 190 രൂപ.
????കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ക്യത്യമായ വ്യായാമവും പോഷകഗുണമുള്ള ഭക്ഷണങ്ങളും കൊവിഡിനെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കൊവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണമെന്ന് പഠനങ്ങള്‍ പറയുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും ചെയ്യേണ്ടതുണ്ട്. കൊവിഡിന്റെ ഭീഷണിയെ അതിജീവിക്കാമെന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് ആരോഗ്യകരമായ ജീവിതം തുടര്‍ന്ന് നയിക്കുവാനും സഹായകരമാകുന്നു. കൊവിഡ് 19 ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്നതിനാല്‍ ശ്വാസകോശത്തെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ള രോഗികള്‍ യോഗ ചെയ്യുന്നത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഈ കൊവിഡ് കാലത്ത് വിഷാദവും ഉത്കണഠയും അകറ്റാന്‍ യോഗയും ശ്വസന വ്യായാമങ്ങളും സഹായിക്കും.