PONNANI
മാലിന്യപ്പുഴയായി നരണിപ്പുഴ: സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് പഞ്ചായത്ത്
എരമംഗലം : മാലിന്യം തള്ളൽ വ്യാപകമായ നരണിപ്പുഴയിൽ നടപടി ശക്തമാക്കണമെന്ന് ആവശ്യം. പൊന്നാനി കോളിലെ കൃഷിക്കും കരമേഖലയിലെ ശുദ്ധജല വിതരണത്തിനും വെള്ളം സംഭരിക്കുന്ന നരണിപ്പുഴയാണ് ദിവസവും മാലിന്യം കൊണ്ട് നിറയുന്നത്.ഓഡിറ്റോറിയം, കടകൾ എന്നിവിടങ്ങളിൽനിന്നുള്ള ഖര, പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പുഴയിൽ നിറയുന്നത്. വെളിയങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പുഴ വേനൽക്കാലത്ത് വെള്ളത്തിനായി കൂടുതൽ ഉപയോഗിക്കുന്നുണ്ട്.
പുഴ സംരക്ഷണ സമിതി പ്രവർത്തകർ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയിൽനിന്ന് എടുത്തുമാറ്റി. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പുഴയ്ക്കു സമീപം സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സിസിടിവി സ്ഥാപിക്കാൻ പദ്ധതി തയാറാക്കുമെന്ന് വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ അറിയിച്ചു.