PONNANI

മാറഞ്ചേരിയിൽനിന്ന് ചക്കയെത്തും; പൊന്നാനിക്കാരുടെ കൊതിമാറ്റാൻ

എരമംഗലം : മാറഞ്ചേരിയിലെ വീട്ടുപറന്പുകളിൽ കുറേദിവസങ്ങളായി ചക്കയ്ക്ക് വൻ ഡിമാൻഡാണ്. വിരമിച്ച രണ്ട് അധ്യാപകരുടെ നേതൃത്വത്തിൽ ഇവിടെ ചക്കശേഖരണം നടക്കുകയാണ്. വിൽക്കാനോ ചക്കവിഭവങ്ങൾ ഉണ്ടാക്കാനോ അല്ല ഈ ദൗത്യം. പൊന്നാനി അഴീക്കൽ, മീൻതെരുവ് മേഖലയിലുള്ളവരുടെ ചക്കക്കൊതി മാറ്റുകയാണ് ലക്ഷ്യം.
റിട്ട. അധ്യാപകരായ ഇ. ഹൈദരാലി, എം. ശ്രീരാമനുണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് മാറഞ്ചേരിയിലെ വീടുകളിൽനിന്ന് ചക്ക ശേഖരിക്കുന്നത്. ഞായറാഴ്‌ച ഇവ പൊന്നാനി തീരദേശമേഖലയിൽ വിതരണംചെയ്യും.

ഈ ചക്കശേഖരണത്തിന് ചെറിയൊരു ഫ്ലാഷ് ബാക്കുണ്ട്. പൊന്നാനി ജി.എഫ്.എൽ.പി. സ്‌കൂളിലെ പ്രഥമാധ്യാപികയാണ് ശ്രീരാമനുണ്ണിയുടെ ഭാര്യ എം.എം. സിന്ധു. ഈയടുത്ത് ശ്രീരാമനുണ്ണി ഈ സ്‌കൂൾ സന്ദർശിച്ചിരുന്നു. അവിടെയുണ്ടായിരുന്ന രക്ഷിതാക്കളുമായി നാട്ടുകാര്യങ്ങൾ പറയുമ്പോഴാണ് ചക്ക കടന്നുവന്നത്. സ്വന്തം പറമ്പിലെ ചക്ക തിന്നാൻ ആളില്ലാതെ നശിച്ചുപോകുന്നതിന്റെ സങ്കടം അദ്ദേഹം അവരോടുപറഞ്ഞു. വീടുകൾ തിങ്ങിനിറഞ്ഞതിനാൽ അഴീക്കൽ മേഖലയിൽ മരങ്ങൾതന്നെ വിരളമാണ്. കൊതിമാറ്റാൻപോലും ചക്ക വിലകൊടുത്തു വാങ്ങണം.

അഴീക്കൽ നിവാസികളുടെ ചക്കപ്രിയം സുഹൃത്തായ ഇ. ഹൈദരാലിമാഷുമായി ശ്രീരാമനുണ്ണിമാഷ് പങ്കുവെച്ചു. ഇരുവരും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മാറഞ്ചേരി പഞ്ചായത്തുകമ്മിറ്റി ഭാരവാഹികളായതിനാൽ കമ്മിറ്റി യോഗത്തിലും വിഷയം അവതരിപ്പിച്ചു. അതോടെയാണ് മാറഞ്ചേരി പഞ്ചായത്തുപരിധിയിലെ വീടുകളിൽനിന്ന് ചക്ക ശേഖരിച്ച് പൊന്നാനി തീരദേശമേഖലയിലെ അഴീക്കൽ, മീൻതെരുവ് മേഖലയിൽ സൗജന്യമായി നൽകാൻ തീരുമാനിച്ചത്.

50 വീടുകളിൽനിന്നായി മുന്നൂറിൽപ്പരം ചക്കയാണ് ശേഖരിക്കുക. ഇതിനോടകം ഇരുപതോളം വീടുകളിൽനിന്നായി നൂറിലധികം ചക്കകൾ കിട്ടി. വിതരണത്തിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുനിസിപ്പൽ കമ്മിറ്റിയുടെ സഹകരണവുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button