മലയാള ഭാഷാബിൽ സംരക്ഷണ സംഗമം സംഘടിപ്പിച്ചു
തിരൂർ : കേരള നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച മലയാള ഭാഷാബില്ല് കാലതാമസം കൂടാതെ ഗവർണർ ഒപ്പുവെച്ച് നിയമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയാള ഐക്യവേദി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മലയാള ഭാഷാ ബില്ല് സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട സംസ്ഥാനത്ത് സ്വന്തം ഭാഷയിൽ സേവനങ്ങൾ ലഭ്യമാകുക എന്നത് ജനാധിപത്യപരമായ അവകാശമാണ്.കന്നഡ ഭാഷാന്യൂനപക്ഷ വിഭാഗത്തിന് എതിരാണ് ഈ ബില്ല് എന്ന തെറ്റായ പ്രചരണമാണ് കർണ്ണാടക സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്.ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കൂടി ഉറപ്പുവരുത്തുന്നതാണ് ഈ ബില്ല് എന്നിരിക്കെ ഇത്തരം തെറ്റായ പ്രചരണങ്ങൾ പരിഗണിക്കാതെ ഗവർണർ ബില്ലിൽ ഒപ്പുവയ്ക്കണമെന്നാണ് മലയാള ഐക്യവേദി ആവശ്യപ്പെടുന്നത്.തിരൂർ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങിൽ ബില്ല് നിയമമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗവർണർക്ക് സമർപ്പിക്കാനുള്ള ഭീമഹർജിയിൽ തെരുവോര കച്ചവടക്കാരനായ ഷാഹുൽ ഹമീദ് ഒപ്പ് വെച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. ഇരുന്നുറ്റമ്പതിൽപരം ആളുകൾ ഹർജിയിൽ ഒപ്പുവച്ചു.തുടർന്ന് നടന്ന ഭാഷാ ബിൽ സംരക്ഷണ സംഗമം ഡോ.കെ.എം.ഭരതൻ ഉദ്ഘാടനം ചെയ്തു.ഉണ്ണി ആമപ്പാറയ്ക്കൽ(പുകസ), പി.പി.ലക്ഷ്മണൻ (സിപിഎം),സിദ്ധീക്ക് പന്താവൂർ (കോൺഗ്രസ്), ജയ് സോമനാഥൻ (ശാസ്ത്ര സാഹിത്യ പരിഷത്ത്),വിനോദ് ആലത്തിയൂർ(യുവകലാ സാഹിതി),കെ.പി.നൗഷാദ് (ലൈബ്രറി കൗൺസിൽ),ജിനു(കവി), എൻ.വി.രൺജിത്ത്,പി.സുഭാഷ് കുമാർ,കെ.ജിത്തു,കെ.എം.ഫാമിദ എന്നിവർ സംസാരിച്ചു.