പൊന്നാനിയുടെ മുഖച്ഛായ മാറ്റാൻ പുതിയ സ്റ്റാൻഡ്
പൊന്നാനി : നഗരസഭയുടെ ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് ചമ്രവട്ടം ജങ്ഷനിൽ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുമെന്ന പ്രഖ്യാപനം. പൊന്നാനിയുടെ മർമപ്രധാനമായ ചമ്രവട്ടം ജങ്ഷനിൽ സ്റ്റാൻഡ് വരുന്നത് നഗരത്തിന്റെ മുഖച്ഛായ മാറ്റും.
ഒരു കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. പള്ളപ്രം റോഡിലാണ് സ്റ്റാൻഡ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഈ ഭാഗത്ത് സർക്കാർ ഭൂമി ലഭ്യമല്ലാത്തതിനാൽ സ്വകാര്യവ്യക്തികളിൽനിന്ന് ഭൂമി ഏറ്റെടുക്കേണ്ടിവരും. പൊന്നാനിയിലെ മുനിസിപ്പൽ സ്റ്റാൻഡ് അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ്. കൂടുതൽ സ്ഥലം ഏറ്റെടുത്ത് ഈ ബസ് സ്റ്റാൻഡ് വികസിപ്പിക്കുന്നതിന് കടന്പകളേറെയുണ്ട്. നിലവിലെ സ്ഥലപരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് പരമാവധി വികസനം നടപ്പാക്കാനുള്ള ശ്രമവും ഒരുഭാഗത്ത് അധികൃതർ നടത്തുന്നുണ്ട്.
ചമ്രവട്ടം ജങ്ഷനിൽ പുതിയതായി ഒരു സ്റ്റാൻഡ് കൂടി വരുന്നത് ഏറെ സൗകര്യപ്രദമാണ്. എടപ്പാൾ, തവനൂർ റോഡുകൾ സംഗമിക്കുന്നതും കുറ്റിപ്പുറം-പൊന്നാനി ദേശീയപാത കടന്നുപോകുന്നതും ചമ്രവട്ടം ജങ്ഷനിലൂടെയാണ്. ദേശീയപാത വികസിപ്പിക്കുന്നതോടെ ചമ്രവട്ടം ജങ്ഷന്റെ മുഖച്ഛായതന്നെ മാറും. മേൽപ്പാലത്തിലൂടെയാകും പാത ഇതുവഴി കടന്നുപോകുക. മേൽപ്പാലം അവസാനിക്കുന്നിടത്ത് ബസ് സ്റ്റാൻഡ് നിർമിക്കാനായാൽ ഏറെ സൗകര്യപ്രദമാകും. ഗുരുവായൂർ, കുന്നംകുളം വഴി പൊന്നാനിയിലേക്ക് സർവീസ് നടത്തുന്ന ബസുകൾ നിലവിൽ കുണ്ടുകടവ് ജങ്ഷനിലാണ് യാത്ര അവസാനിപ്പിക്കുന്നത്. ചമ്രവട്ടം ജങ്ഷനിലെത്തുന്നവർക്ക് കുന്നംകുളം, ഗുരുവായൂർ ഭാഗത്തേക്ക് യാത്ര ചെയ്യണമെങ്കിൽ കുണ്ടുകടവ് ജങ്ഷനിലെത്തേണ്ട സ്ഥിതിയാണ്. ചമ്രവട്ടം ജങ്ഷനിൽ പുതിയ ബസ് സ്റ്റാൻഡ് വരുന്നതോടെ കുണ്ടുകടവ് ജങ്ഷനിൽ യാത്ര അവസാനിക്കുന്ന ബസുകൾക്ക് ഈ സ്റ്റാൻഡിലെത്താനാകും.
തവനൂർ, എടപ്പാൾ എന്നിവിടങ്ങളിലേക്ക് ബസ് കാത്തുനിൽക്കുന്നവർ ഇപ്പോൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ജങ്ഷനിൽ സിഗ്നൽ സംവിധാനമേർപ്പെടുത്തിയതോടെ ഏറെ മാറിയാണ് എല്ലാ റോഡുകളിലും ബസ് സ്റ്റോപ്പ്. ചമ്രവട്ടം ജങ്ഷനിലൂടെ കടന്നുപോകുന്ന ദേശീയപാത ഒഴിച്ചുള്ള മറ്റ് റോഡുകളിലെല്ലാം വലിയ തിരക്കാണ് പലപ്പോഴും. ബസുകൾ നിർത്തി ആളുകളെ കയറ്റുമ്പോഴേയ്ക്കും ഗതാഗതക്കുരുക്കും ഉണ്ടാകും. പുതിയ സ്റ്റാൻഡ് വരുന്നതോടെ ഈ അവസ്ഥക്കെല്ലാം പരിഹാരമാകും